
മുംബൈ: മുംബൈ വിമാനത്താവളത്തിലെ റൺവേയിൽ ഉണ്ടായേക്കാമായിരുന്ന വലിയൊരു വിമാനാപകടം തലനാരിഴയ്ക്ക് ഒഴിവായി. ലാൻഡിംഗിന് ശേഷം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് മാറുന്നതിന് മുൻപ് തന്നെ, അതേ റൺവേയിലൂടെ ഡൽഹിയിലേക്ക് പറന്നുയരാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനമാണ് എയർ ട്രാഫിക് കൺട്രോളറുടെ നിർദ്ദേശത്തെ തുടർന്ന് അടിയന്തരമായി യാത്ര ഉപേക്ഷിച്ചത്.
ലാൻഡിംഗിന് ശേഷം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് പൂർണ്ണമായും മാറിപ്പോകുന്നതിന് മുൻപാണ് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ടേക്ക്-ഓഫിനായി റൺവേയിലൂടെ കുതിച്ചുതുടങ്ങിയത്. ഒരേ റൺവേയിൽ രണ്ട് വിമാനങ്ങളും നേർക്കുനേർ വരുന്ന സാഹചര്യം ഉണ്ടായതോടെ എയർ ട്രാഫിക് കൺട്രോളർ ഉടൻ തന്നെ ഇടപെടുകയും ടേക്ക്-ഓഫ് നിർത്തിവെക്കാൻ പൈലറ്റിന് അടിയന്തര നിർദ്ദേശം നൽകുകയുമായിരുന്നു. എയർ ട്രാഫിക് കൺട്രോളറുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ടേക്ക്-ഓഫ് ഉപേക്ഷിച്ച വിമാനം നിർബന്ധിത സുരക്ഷാ പരിശോധനകൾക്കായി ബേയിലേക്ക് തിരികെ കൊണ്ടുപോയി. തുടർന്ന് യാത്രക്കാർക്കായി മറ്റ് പകരമുള്ള ക്രമീകരണങ്ങൾ അധികൃതർ ഏർപ്പെടുത്തി.






