
ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായുള്ള ചർച്ചകൾ സമയം പാഴാക്കൽ മാത്രമാണെന്നും ഇറാനിലെ 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇറാനികളെതിരെ കടുത്ത വിമർശനവും ട്രംപ് ഉയർത്തി. ബുധനാഴ്ച അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്ക തിരിച്ചടി നടത്തിയതെന്ന് ട്രംപ് വ്യക്തമാക്കി. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാൻ സൈന്യമാണെന്നാണ് യുഎസിന്റെ ആരോപണം.
കഴിഞ്ഞ രാത്രി ഇറാനിലെ "വളരെ അപകടകാരികളായ ആളുകളെ" ലക്ഷ്യമിട്ട് ശക്തമായ ആക്രമണം നടത്തിയതായി ട്രംപ് പറഞ്ഞു. അമേരിക്കയെ ആക്രമിച്ചാൽ അതേ ശക്തിയിൽ തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനെ ആണവവിമുക്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ട്രംപ് ആവർത്തിച്ചു.






