
തിരുവനന്തപുരം: വയനാട് തുരങ്കപാത പദ്ധതിപ്രദേശത്ത് അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് വിദഗ്ധസംഘം പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമേ നിര്‍മാണപ്രവര്‍ത്തനം പുനരാരംഭിക്കൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
പരിശോധന പൂര്‍ത്തിയാകുന്നതുവരെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്കി. കള്ളാടി ദുരന്തം സംബന്ധിച്ച് 'ഇരട്ട അന്വേഷണം' നടത്താന്‍ അടിയന്തര മന്ത്രിസഭായോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ദുരന്തം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ടുകള്‍ മന്ത്രിസഭ വിലയിരുത്തി.
ദുരന്തത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് രണ്ടുതലത്തിലുള്ള അന്വേഷണം. കൃത്യമായ അപകടകാരണം കണ്ടെത്താന്‍ സാങ്കേതികവും നിയമപരവുമായ വിദഗ്ധസമിതി അന്വേഷണം നടത്തും. ദുരന്തസ്ഥലത്തിനു തൊട്ടുമുകളില്‍ വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പ്രത്യേകം പരിശോധിക്കും.
തുരങ്കപാത നിര്‍മാണത്തിനു കേന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതികാനുമതി നല്കിയപ്പോള് മുന്നോട്ടുവച്ച കര്‍ശന നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും കരാര്‍ കമ്പനികള്‍ കൃത്യമായി പാലിച്ചോയെന്ന് കണ്ടെത്താനാണ് രണ്ടാമത്തെ അന്വേഷണം. തുരങ്കപാത വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, മുന്‍സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനു വഴങ്ങി, അമ്പതോളം കര്ശനനിര്ദേശങ്ങളുമായാണ് പണി തുടങ്ങിയത്. അപകടകാരണവും കേന്ദ്രനിര്‍ദേശങ്ങള്‍ ലംഘിച്ചോയെന്നതും വ്യത്യസ്ത വിഷയങ്ങളായതിനാലാണ് ഇരട്ട അന്വേഷണമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചാലുടന്‍ കരാര്‍ കമ്പനികള്‍ക്കെതിരേയും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും കര്‍ശന നിയമനടപടിയുണ്ടാകുമെന്ന സൂചനയും മുഖ്യമന്ത്രി നല്കി.
വികസനവിരുദ്ധനെന്ന് സി.പി.എം. പരിഹസിച്ചു:മുഖ്യമന്ത്രി സതീശന്
തിരുവനന്തപുരം: വയനാട് തുരങ്കപാതയുമായി ബന്ധപ്പെട്ട് ഏറെ അധിക്ഷേപം കേട്ടയാളാണു താനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. പരിസ്ഥിതി ആഘാതപഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്നാണ് താന്‍ ആവശ്യപ്പെട്ടത്.
പശ്ചിമഘട്ടം പരിസ്ഥിതിലോലമാണ്, മണ്ണ് ഉറപ്പില്ലാത്തതാണ്. അത് പറഞ്ഞപ്പോള്‍ മണ്ണ് പരിശോധനാവിദഗ്ധനെന്നു സി.പി.എം. പരിഹസിച്ചു. വികസനവിരുദ്ധനെന്ന് അധിക്ഷേപിച്ചെന്നും സതീശന് പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായം
തിരുവനന്തപുരം: വയനാട് കള്ളാടിയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ച മൂന്ന് ഇതരസംസ്ഥാനത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്കു ചികിത്സാസഹായം നല്‍കാനും നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തില്‍ പരുക്കേറ്റ ഒന്പതുപേര് ചികിത്സയിലാണ്. കാണാതായ അഞ്ചുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.






