
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ കോടതിയെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളോടെ പ്രോസിക്യൂഷന് അനുമതി നല്കിയ വ്യവസായ സെക്രട്ടറി കെ. ബിജുവിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി. കേസെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നാളെ നേരിട്ട് കോടതിയിലെത്തി ബോധിപ്പിക്കാന്‍ ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഉത്തരവായി.
കഴിഞ്ഞ രണ്ടിന് ഇറക്കിയ ഉത്തരവ് റദ്ദാക്കിയെന്ന് അറിയിച്ച അഡ്വക്കറ്റ് ജനറല്‍ ജാജു ബാബു വിവാദപരാമര്‍ശങ്ങള്‍ നീക്കി ആറിന് പുറപ്പെടുവിച്ച ഉത്തരവ് ഹാജരാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആദ്യ ഉത്തരവില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം.
നീതിന്യായ സംവിധാനത്തെയും ജഡ്ജിയെയും അധിക്ഷേപിക്കുന്ന ഉത്തരവാണ് ഇറക്കിയതെന്ന് കോടതി കുറ്റപ്പെടുത്തി. കേസില്‍ പ്രതിയായ ഐ.എന്‍.ടി.യു.സി. നേതാവ് ആര്. ചന്ദ്രശേഖരന് ഉത്തരവിന്റെ പകര്‍പ്പുമായി പത്രസമ്മേളനം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രതികരണം. പ്രോസിക്യൂഷന് അനുമതി നല്കുന്ന ഉത്തരവ് തയാറാക്കിയത് പ്രതി തന്നെയാണോ എന്ന് സംശയിക്കേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കടലാസില്‍ നമ്പറിടല്‍ മാത്രമായിരുന്നോ ഉദ്യോഗസ്ഥരുടെ ജോലി? ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് കോടതി വ്യവസ്ഥകളെ കുറ്റപ്പെടുത്താന്‍ എങ്ങനെയാണ് കഴിയുക? എന്തോ കാരണത്തിന് പ്രതിയെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥന് ശ്രമിക്കുന്നു. തുടക്കക്കാരെന്ന നിലയില്‍ പുതുതായി വന്ന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തുന്നില്ല. അനാവശ്യ പരാമര്‍ശങ്ങളുള്ള ഉത്തരവ് പിന്‍വലിച്ച് പുതിയത് പുറപ്പെടുവിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ നടത്തിയ ഇടപെടലുകളും പ്രശംസനീയമാണ്. എന്നാല്‍, ഉദ്യോഗസ്ഥര്‍ ഗൂഡ ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയെ മാത്രമല്ല, സര്‍ക്കാരിനെയും നിന്ദിക്കുന്ന ഉത്തരവാണ് വ്യവസായ വകുപ്പ് സെക്രട്ടറി ഇറക്കിയത്. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസില്‍ തുടരാന്‍ യോഗ്യതയില്ല. അവര്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടാകണം. പ്രതികളെ ബോധപൂര്‍വം സഹായിക്കുന്നതാണ് ഉത്തരവ്.
വിവാദ ഉത്തരവിലെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ നല്കി കോടതിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യം നിറവേറ്റിയ ശേഷം ഒടുവില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇത് മുഖവിലയ്ക്കെടുക്കാന്‍ കോടതിക്കാവില്ല. ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഒരു മാപ്പപേക്ഷയും സ്വീകരിക്കില്ല. പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ല. കോടതി ഉത്തരവും കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കാനാണ് പറഞ്ഞത്. അപ്പീല്‍ നല്‍കുന്നതിനെയും കോടതി തടഞ്ഞിട്ടില്ല. അപ്പീല്‍ അധികാരം നിലനിര്‍ത്തിയാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയത്. പ്രോസിക്യൂഷന് അനുമതിയുടെ കാര്യം പോസിറ്റീവായി പരിഗണിക്കുന്നു എന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചത് കോടതി രേഖപ്പെടുത്തുകയാണ് ചെയ്തത്. മനസ് അര്‍പ്പിക്കാതെയാണ് പ്രോസിക്യൂഷന് അനുമതി നല്കി ഉത്തരവിടുന്നതെന്ന് രണ്ടാം തീയതിയിലെ ഉത്തരവില്‍ പറയുന്നു.
എന്നാല്‍, അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ മനസ് അര്‍പ്പിച്ചാണ് അനുമതി നല്‍കുന്നതെന്ന് പറഞ്ഞ് ഉത്തരവ് തിരുത്തി. ഇതെങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ച കോടതി, ആദ്യം ഇറക്കിയ ഉത്തരവ് ഏതെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കുന്നതിനെ വിലക്കുകയും ചെയ്തു.
സര്‍ക്കാര്‍ കോടതിയില്‍ തെറ്റായ ഒന്നും നല്‍കിയിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ തെറ്റായ ഒന്നും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. തെറ്റ് പരിശോധിച്ച് തിരുത്തിയ അനുമതിയാണ് കോടതിയില്‍ നല്‍കിയത്. ഈ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ അതിന് തയാറായിരുന്നില്ല. ഞങ്ങളുടെ പാര്‍ട്ടിക്കാരനായിട്ടു പോലും പ്രോസിക്യൂഷന് അനുമതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.






