
തന്റെ ഏറ്റവും പുതിയ ചിത്രമായ 'ഗാട്ട ഗുസ്തി 2'-വിന്റെ വൻ വിജയത്തിളക്കത്തിലാണ് നടനും നിർമാതാവുമായ വിഷ്ണു വിശാൽ. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിൽ വിഷ്ണുവിനെ നേരിട്ട് അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആമിർ ഖാൻ. വീഡിയോ കോളിലൂടെ ആമിർ ഖാൻ അഭിനന്ദനം അറിയിക്കുന്ന ദൃശ്യങ്ങൾ വിഷ്ണു വിശാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. പ്രതിസന്ധികളിൽ എപ്പോഴും തനിക്ക് വലിയ പിന്തുണ നൽകുന്ന ആമിറിന് താരം നന്ദിയും അറിയിച്ചു.
"അഭിനന്ദനങ്ങള്‍ വിഷ്ണു, ഇതൊരു വന്‍ ബ്ലോക്ക്ബസ്റ്ററാണ്. ഒത്തിരി സന്തോഷം," എന്നാണ് ആമിര്‍ ഖാന്‍ വീഡിയോ കോളിലൂടെ പറഞ്ഞതെന്ന് വിഷ്ണു വിശാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണത്തില്‍ ഏറെ സന്തുഷ്ടനായ ഒരേയൊരു ആമിര്‍ ഖാന്‍ സാറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചതില്‍ വളരെ ആവേശമുണ്ട്. എല്ലായ്‌പ്പോഴും ഒരു വലിയ പിന്തുണയായി കൂടെ നില്‍ക്കുന്നതിനും എന്നെ തുണയ്ക്കുന്നതിനും നന്ദിയുണ്ടെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.
വിഷ്ണു വിശാലും ആമിര്‍ ഖാനും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ വര്‍ഷം വിഷ്ണു വിശാലിന്റെയും ഭാര്യ ജ്വാല ഗുട്ടയുടെയും മകള്‍ക്ക് പേരിടാനായി ആമിര്‍ ഖാന്‍ ഹൈദരാബാദില്‍ എത്തിയിരുന്നു. 'മീര' എന്നാണ് ആമിര്‍ ഖാന്‍ കുഞ്ഞിന് പേരിട്ടത്.
അതേസമയം ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം 'ഗാട്ട ഗുസ്തി 2' മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടുന്നത്. വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. രാംജി കൃഷ്ണൻ, യോഗി ബാബു, സാറ, കരുണാസ്, കാളി വെങ്കട്ട്, മുനീഷ്‌കാന്ത്, കരുണാകരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഷാന്‍ റോള്‍ഡനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.






