
തൃശൂര്‍: മണ്ണുത്തിയില്‍ ഗൃഹനാഥനെ മര്‍ദിച്ചു ബന്ദിയാക്കി 47 പവന്‍ കവര്‍ന്ന കേസില്‍ മുഖ്യപ്രതി രാജസ്‌ഥാന്‍ സ്വദേശി സൂരജ് പവാര്‍ അറസ്‌റ്റില്‍. സ്വര്‍ണാഭരണങ്ങളും പണവും കണ്ടെത്തി.
രാജസ്‌ഥാനിലെ ചിറ്റോര്‍ഗഡ് മാന്ദ്‌ഫിയ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്നാണ് തൃശൂര്‍ സിറ്റി ഷാഡോ പോലീസും മണ്ണുത്തി പോലീസും സൂരജ് പവാറിനെ അറസ്‌റ്റ് ചെയ്‌തത്.
ഗ്രാമത്തില്‍ ഒളിച്ചു താമസിച്ച ഇയാളെ രണ്ടു ദിവസം നീണ്ട നിരീക്ഷണത്തിനോടുവിലാണ് സാഹസികമായി പോലീസ് പിടികൂടിയത്. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണങ്ങളില്‍ 26 പവന്‍ ഇയാളില്‍നിന്നു കണ്ടെടുത്തു. മധ്യപ്രദേശിലെ സിഹോര്‍ ഗ്രാമത്തില്‍ ജനിച്ച സൂരജ് പവാറിനെതിരേ മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും കര്‍ണാടകയിലുമായി നിരവധി കവാര്‍ച്ചാകേസുകളുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 'തീരന്‍' എന്ന തമിഴ് സിനിമയെ അനുസ്‌മരിപ്പിക്കും വിധത്തിലാണ് പ്രതികളുടെ കവര്‍ച്ചയ്‌ക്കായുള്ള യാത്രകള്‍. ചുറ്റിക്കറങ്ങാനെന്ന രീതിയില്‍ ട്രക്കുകളില്‍ കയറി വിവിധ സംസ്‌ഥാനങ്ങളിലേക്ക് പോയി വീടുകളില്‍ കയറി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി.
വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറുകയും ആരെങ്കിലും എതിര്‍ക്കാന്‍ വന്നാല്‍ അവരെ വക വരുത്തുന്നതുമാണ് ഇവരുടെ ശൈലി. കേസിലെ രണ്ടും മൂന്നും പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
അറസ്‌റ്റിലായവര്‍ മഹാരാഷ്‌ട്ര, മധ്യപ്രദേശ്, കര്‍ണാടക സംസ്‌ഥാനങ്ങളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.






