
ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ വച്ച് ക്രൂരമായ ആക്രമണത്തിനാണ് ഇരയായതെന്ന് ബെംഗളൂരു സ്വദേശി സാഗർ കുമാർ. ഒൻപതോളം വരുന്ന സംഘം കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തനിക്ക് ക്രൂര മർദ്ദനമേൽക്കുന്നത് കണ്ട ഭാര്യ തന്റെ സ്വർണമെല്ലാം നൽകാമെന്ന് പറഞ്ഞിട്ടും അവർ മർദ്ദനം തുടരുകയായിരുന്നു എന്ന് സാഗർ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30 ഓടെ മാണ്ഡ്യ ജില്ലയിലെ മദ്ദൂരിന് സമീപമാണ് സംഭവം നടന്നത്. ഇരകളുടെ വാഹനത്തിന് പിന്നാലെയെത്തിയ മറ്റൊരു വാഹനത്തിന്റെ ഡാഷ്‌കാമിൽ ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ദേശീയപാതയ്ക്ക് നടുവിൽ വച്ച് ഒരു സംഘം ആളുകൾ കാർ തടഞ്ഞുനിർത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
"എന്റെ സ്വർണം എടുത്തോളൂ, ഞങ്ങളെ വിട്ടേക്കൂ" എന്ന് സ്ത്രീ അപേക്ഷിച്ചിട്ടും അക്രമികൾ അത് വകവെക്കാതെ ഭർത്താവിനെയും കാറിലുണ്ടായിരുന്ന കുട്ടികളെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു."അവർ എന്നെയും എന്റെ ഭാര്യയെയും ഞങ്ങളുടെ 10 മാസം പ്രായമുള്ള കുഞ്ഞിനെയും ആക്രമിച്ചു. ഒരു കൊച്ചുകുഞ്ഞുമായിട്ടാണ് ഞങ്ങൾ യാത്ര ചെയ്യുന്നതെന്നും അതിനാൽ ഞങ്ങളെ ഉപദ്രവിക്കരുതെന്നും എന്റെ ഭാര്യ കൈകൂപ്പി അവരോട് അപേക്ഷിച്ചു. 'എന്റെ സ്വർണമോ നിങ്ങൾക്ക് വേണ്ടത് എന്തും എടുത്തോളൂ, പക്ഷേ ഞങ്ങളെ പോകാൻ അനുവദിക്കൂ' എന്ന് പോലും അവൾ പറഞ്ഞു. എന്നിട്ടും അവർ എന്നെ മർദ്ദിക്കുന്നത് നിർത്തിയില്ല" എന്നും സാഗർ പറയുന്നു.






