
ജോലി സമയത്ത് നടുവേദനയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് എത്ര സമയം ഇരിക്കണം, എത്ര സമയം നില്‍ക്കണം എന്നതിന്റെ കൃത്യമായ അനുപാതത്തെക്കുറിച്ച് അറിഞ്ഞിരിയ്ക്കണം. ഡെസ്‌ക് ജോലികളില്‍ മീറ്റിംഗുകള്‍ക്കും, പ്രസന്റേഷനുകള്‍ക്കും, ഡെഡ്ലൈനുകള്‍ക്കും ഇടയിലുള്ള സമയമൊഴിച്ചാല്‍, ലാപ്‌ടോപ്പിന് മുന്നില്‍ ഒരേയിടത്ത് ഒട്ടും ചലനമില്ലാതെ ദീര്‍ഘനേരം ഇരിക്കേണ്ടി വരാറുണ്ട്. ഇതിന്റെ അനന്തരഫലങ്ങള്‍ വളരെ വലുതാണ്, അത് നിങ്ങളുടെ ആരോഗ്യത്തെ നിശബ്ദമായി ബാധിക്കുന്നു.
എത്ര സമയം ഇരിക്കുന്നത് സുരക്ഷിതമാണ് എന്നത് എല്ലാവരിലും ഉണ്ടാകുന്ന ഒരു പൊതുവായ സംശയമാണ്. എല്ലാവര്‍ക്കും ബാധകമാകുന്ന തരത്തില്‍ ഒരു നിശ്ചിത സമയം ഇതിലില്ല. കാരണം, പ്രശ്‌നം ആകെ എത്ര മണിക്കൂര്‍ ഇരിക്കുന്നു എന്നതില്‍ മാത്രമല്ല, മറിച്ച് ശരീരത്തിന് യാതൊരു ചലനവുമില്ലാതെ ഒരേ അവസ്ഥയില്‍ എത്ര സമയം തുടരുന്നു എന്നതിലുമാണ്. ദിവസവും 6-8 മണിക്കൂറിലധികം സ്ഥിരമായി ഇരിക്കുന്നത് പേശീ-അസ്ഥിസംബന്ധമായ (musculoskeletal) പ്രശ്‌നങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ആകെ ഇരിക്കുന്ന മണിക്കൂറുകള്‍ പ്രധാനമാണെങ്കിലും, യാതൊരു ചലനവുമില്ലാതെ അല്ലെങ്കില്‍ ശാരീരികാവസ്ഥ മാറ്റാതെ തുടര്‍ച്ചയായി ഇരിക്കുന്നത് കഴുത്ത്, പുറം, നട്ടെല്ല്, സന്ധികള്‍, പേശികള്‍ എന്നിവയിലെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഏകദേശം 3:1 എന്ന അനുപാതം നിലനിര്‍ത്തുന്നത് പ്രായോഗികമായ ഒരു സമീപനമാണ്. അതായത്, ഓരോ 30-45 മിനിറ്റ് ഇരിക്കുമ്പോഴും, ഏകദേശം 10-15 മിനിറ്റ് നില്‍ക്കാനോ, നടക്കാനോ, അല്ലെങ്കില്‍ നിങ്ങളുടെ ശാരീരികാവസ്ഥ മാറ്റാനോ ശ്രമിക്കുക. ഇതിനര്‍ത്ഥം ജോലി നിര്‍ത്തണമെന്നല്ല; ഫോണ്‍ കോളുകള്‍ വരുമ്പോള്‍ നിന്നുകൊണ്ട് സംസാരിക്കാം, സഹപ്രവര്‍ത്തകന് മെസ്സേജ് അയക്കുന്നതിന് പകരം അവരുടെ അടുത്ത് നടന്നു പോകാം, അല്ലെങ്കില്‍ ഡെസ്‌കിനടുത്ത് നിന്ന് ചെറുതായി ശരീരം സ്‌ട്രെച്ച് (stretch) ചെയ്യാം. മാത്രമല്ല, ഇടവേളകളില്‍ ശരീരം ചലിപ്പിക്കുന്നതിന്റെ ആവൃത്തിയും (frequency) പ്രധാനമാണ്.
ഓരോ 30-45 മിനിറ്റിലും എഴുന്നേറ്റ് നില്‍ക്കാനും 1-2 മിനിറ്റ് നടക്കുകയും ചെയ്യാം. നട്ടെല്ലിനും ചുറ്റുമുള്ള പേശികള്‍ക്കുമുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ ലഘുവായ സ്‌ട്രെച്ചിംഗ്, തോളുകള്‍ തിരിക്കുക (shoulder rolls), കഴുത്ത് ചലിപ്പിക്കുക, ചെറിയ നടത്തം എന്നിവ ചെയ്യാം. കൂടാതെ നിങ്ങളുടെ ഇരിപ്പിട ക്രമീകരണം കൃത്യമാണെന്ന് ഉറപ്പാക്കുക, നിങ്ങളുടെ സ്‌ക്രീന്‍ കണ്ണിന്റെ നേരെ ഒരേ ലെവലില്‍ സൂക്ഷിക്കുക, പാദങ്ങള്‍ തറയില്‍ നേരെ ഉറപ്പിച്ചു വെക്കുക, കൂനിക്കൂടി ഇരിക്കുന്നത് ഒഴിവാക്കുക എന്നിവയും ശ്രദ്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.






