
ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന ഏറ്റവും അപൂർവ്വമായ പല്ലി വർഗ്ഗങ്ങളിൽ ഒന്നായ ഗ്വാട്ടിമാലൻ ബീഡഡ് പല്ലികളെ സംരക്ഷിക്കാനും അവയുടെ എണ്ണം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് ഗ്വാട്ടിമാലയിലെ ലാ അറോറ മൃഗശാല രംഗത്ത്. ആവാസവ്യവസ്ഥ നശിച്ചതും അനധികൃത വളർത്തുമൃഗ കച്ചവടവും മൂലം വനങ്ങളിൽ ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മൃഗശാല അധികൃതരും സംരക്ഷകരും ചേർന്ന് ഇവയുടെ പുതിയ തലമുറയെ വളർത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.
മോട്ടാഗുവ താഴ്‌വരയിലെ വരണ്ട പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഈ അപൂർവ്വ ജീവികളുടെ എണ്ണം ഇപ്പോൾ കാടുകളിൽ വളരെ കുറവാണ്. വനത്തിൽ അവശേഷിക്കുന്ന മുതിർന്ന പല്ലികളുടെ എണ്ണം വെറും 500 നും 700 നും ഇടയിൽ മാത്രമാണെന്നാണ് മൃഗശാലയുടെ കൺസർവേഷൻ പ്രോജക്ട് തലവൻ റൗലൻഡ് ഗ്രിഫിൻ കണക്കാക്കുന്നത്. പ്രത്യേക ഇൻക്യുബേറ്ററുകളിലും ക്യാമറ നിരീക്ഷണത്തിലുമാണ് നിലവിൽ മൃഗശാലയിൽ ഇവയുടെ മുട്ടകൾ സൂക്ഷിച്ചിരിക്കുന്നതും പുതിയ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും.
കുഞ്ഞു പല്ലികൾക്ക് സ്വന്തമായി ഇരതേടാനും മരങ്ങളിൽ വലിഞ്ഞുകയറാനുമുള്ള സ്വാഭാവിക പരിശീലനമാണ് ഇപ്പോൾ മൃഗശാലയിൽ നൽകിവരുന്നത്. അടുത്ത വർഷത്തോടെ ഇവയെ കാട്ടിലേക്ക് തുറന്നുവിടാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. പൂർണ്ണമായി സ്വതന്ത്രമാക്കുന്നതിന് മുൻപ് ഇവയെ സ്വാഭാവിക ആവാസവ്യവസ്ഥയോട് ഇണങ്ങുന്ന വലിയ കൂട്ടുകളിലേക്ക് മാറ്റും. തുടർന്ന് ശാസ്ത്രജ്ഞരുടെ കർശന നിരീക്ഷണത്തിലായിരിക്കും ഇവയുടെ വളർച്ച വിലയിരുത്തുക.
മനുഷ്യർക്ക് ഗുരുതരമായ അപകടമുണ്ടാക്കാത്ത ഈ പല്ലി വർഗ്ഗങ്ങൾ പ്രധാനമായും പക്ഷികളുടെയും മറ്റ് ഉരഗങ്ങളുടെയും മുട്ടകളാണ് ഭക്ഷണമാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉയർന്ന സുരക്ഷാ വിഭാഗത്തിലാണ് ഈ ജീവികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അപൂർവ്വമായ ഈ ജീവികളെ വംശനാശത്തിൽ നിന്ന് തിരികെപിടിക്കാനുള്ള മൃഗശാലയുടെ ഈ വലിയ ശ്രമം ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്.




