
ജീവിതത്തിൽ സത്യസന്ധതയും മനുഷ്യത്വവും ഇപ്പോഴും ബാക്കിയുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ഒരു ഹൃദയസ്പർശിയായ സംഭവമാണ് ഡൽഹിയിൽ നിന്നും പുറത്തുവരുന്നത്. കാറിൽ യാത്ര ചെയ്യവെ തന്റെ കണ്ണട മറന്നുപോയ ഒരു യുവതിക്ക് അത് തിരികെ നൽകാനായി രാത്രി വൈകിയും ഏറെ ദൂരം സഞ്ചരിച്ച ഉബർ ഡ്രൈവറുടെ പ്രവൃത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രശംസ പിടിച്ചുപറ്റുന്നത്. പൂജ കുമാർ എന്ന യുവതിയാണ് ഈ മാതൃകാപരമായ സംഭവത്തെക്കുറിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
തന്റെ യാത്രയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് പൂജ കുമാർ താൻ ഉപയോഗിച്ചിരുന്ന കണ്ണട കാറിൽ വെച്ച് മറന്നുപോയ വിവരം ശ്രദ്ധിച്ചത്. എന്നാൽ രാത്രി ഒമ്പതര മണി കഴിഞ്ഞിട്ടും, യാതൊരു മടിയും കാണിക്കാതെ ഡ്രൈവർ രാധേ യാത്രികയുടെ അരികിലേക്ക് തന്നെ തിരികെ വരികയായിരുന്നു. തനിക്ക് ആ ഭാഗത്തേക്ക് മറ്റ് സർവീസുകളോ യാത്രാ ബുക്കിംഗുകളോ ലഭിച്ചിരുന്നില്ലെങ്കിൽ കൂടിയാണ് പൂജയുെട വസന്ത് കുഞ്ച് എന്ന സ്ഥലത്തേക്ക് രാധേ കണ്ണട നേരിട്ട് എത്തിച്ചു നൽകിയത്.
ഡ്രൈവറുടെ ഈ സത്യസന്ധതയും മാന്യതയും കണ്ട് അന്തംവിട്ട പൂജ, അദ്ദേഹത്തോടുള്ള നന്ദി വീഡിയോയിലൂടെ പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു. "രാധേ ഭയ്യാ വളരെ നല്ലൊരു മനുഷ്യനാണ്. ഈ രാത്രി ഒമ്പതര മണിക്കും അദ്ദേഹം എന്റെ കണ്ണട തിരികെ നൽകാൻ മാത്രമായി അങ്ങോട്ടേക്ക് യാത്ര ചെയ്തു വന്നു," എന്ന് യുവതി വീഡിയോയിൽ വികാരാധീനയായി പറയുന്നുണ്ട്. രാധെയുടെ ഈ പ്രവർത്തി ഇന്റർനെറ്റിൽ വലിയ തരംഗമാവുകയും ഒട്ടനവധി പേർ അദ്ദേഹത്തെ ഒരു 'ജെന്റിൽമാൻ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ഒരു ചെറിയ വസ്തു നഷ്ടപ്പെട്ടാൽ പോലും അത് ഉടമസ്ഥർക്ക് എത്തിച്ചു നൽകാൻ കാണിക്കുന്ന ഈ വലിയ മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. തിരക്കുപിടിച്ച നഗരജീവിതത്തിലും ഇത്തരം നല്ല മനുഷ്യരുടെ സാന്നിധ്യം പ്രതീക്ഷ പകരുന്നതാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.






