
മുംബൈയിലെ തിരക്കുപിടിച്ച ബോറിവിലി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള അസാധാരണമായ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. പ്ലാറ്റ്ഫോമിൽ വെച്ച് ഒരു യുവതിയുടെ കാലിൽ പിടിച്ച് വിടാതെ കിടക്കുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും മറ്റ് പ്ലാറ്റ്ഫോമുകളിലും വ്യാപകമായി പ്രചരിക്കുന്നത്. ചുറ്റും യാത്രക്കാരും പോലീസുകാരും നോക്കിനിൽക്കെ നടക്കുന്ന ഈ നാടകം എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് സോഷ്യൽ മീഡിയ ലോകം.
ഇളം നീല ഷർട്ടും കറുത്ത പാന്റും ധരിച്ച യുവാവ് പ്ലാറ്റ്ഫോമിൽ കമിഴ്ന്നുകിടന്ന് പച്ചയും വെള്ളയും കലർന്ന വസ്ത്രവും മുഖം മറച്ച് ഷാളും ധരിച്ച്, പിൻഭാഗത്ത് ബാഗും തൂക്കിയ യുവതിയുടെ കാലിൽ മുറുകെപ്പിടിച്ചിരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തന്നെ സ്വതന്ത്രയാക്കാൻ യുവതി നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് കാൽ വിടാൻ തയ്യാറാകുന്നില്ല. വീഡിയോയിൽ "യഥാർത്ഥ പ്രണയം" എന്നും ബോറിവിലി റെയിൽവേ സ്റ്റേഷൻ എന്നും എഴുതിച്ചേർത്തിട്ടുണ്ടെങ്കിലും ഇതിന്റെ യാഥാർത്ഥ്യം എന്താണെന്ന് വ്യക്തമല്ല.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യൂണിഫോം ധരിച്ച പോലീസുകാർ സ്ഥലത്ത് എത്തി ഇടപെടുന്നത് വീഡിയോയിൽ കാണാം. കാഴ്ചക്കാരായ ജനങ്ങളെ അവിടെ നിന്നും മാറ്റിനിർത്താൻ പോലീസ് ശ്രമിക്കുന്നതും, നിലത്തിരുന്ന് യുവാവിനെ ചോദ്യം ചെയ്യുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതിനു മുൻപോ ശേഷമോ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നോ ഇവർ തമ്മിലുള്ള ബന്ധം എന്താണെന്നോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വലിയ ജനശ്രദ്ധ നേടിയ ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ഇത് പ്രണയത്തിന്റെ അതിരുകടന്ന പ്രകടനമാണോ അതോ വെറുമൊരു പബ്ലിക് ഡ്രമാ മാത്രമാണോ എന്ന കാര്യത്തിൽ നെറ്റിസൺസ് രണ്ടുതട്ടിലാണ്. സംഭവത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും റെയിൽവേ അധികാരികളോ മുംബൈ പോലീസോ ഇതുവരെ സംഭവത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.






