
താരസംഘടന 'അമ്മ' യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെച്ച് നടി ലക്ഷ്മിപ്രിയ. മാതംഗി ഫിലിംസിന്റെ ബാനറില്‍ താന്‍ ആദ്യമായി ഒരു സിനിമ നിര്‍മിക്കാന്‍ പോകുന്നുവെന്ന് ലക്ഷ്മിപ്രിയ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കടലിന്റെ മക്കളുടെ കഥ പറയുന്ന ചിത്രത്തിന് ക്രോസ് വിന്‍ഡ്‌സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രശസ്ത നായകന്‍മാരും മലയാള സിനിമയിലെ മികച്ച നടീ നടന്മാരും ചിത്രത്തിലുണ്ടെന്ന് ലക്ഷ്മി പ്രിയ അറിയിച്ചു. സിനിമയിലേക്കുളള കാസ്റ്റിംഗ് കോളും നടി പങ്കുവച്ചിട്ടുണ്ട്.
ലക്ഷ്മി പ്രിയയുടെ കുറിപ്പ്:
'' അഭിമാനത്തോടു കൂടി അനൗൺസ് ചെയ്യുന്നു, മാതംഗി ഫിലിംസിന്റെ ബാനറിൽ ഞങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്ന ഞങ്ങളുടെ ആദ്യത്തെ സിനിമ 'ക്രോസ്സ് വിൻഡ്‌സ് '! തുഴ എറിയുന്നവന്റെ കഥ ! കടലിന്റെ മക്കളുടെ കഥ! മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രശസ്ത നായകൻമാർ.ഒപ്പം മലയാള സിനിമയിലെ മികച്ച നടീ നടന്മാരും.അവരോടൊപ്പം സ്‌ക്രീൻ പങ്കിടാൻ നിങ്ങൾക്കും അവസരം ലഭിച്ചേക്കാം.
വേണ്ടവർ
പ്രായം 18 മുതൽ 50 വരെ
കൊള്ളാനും കൊടുക്കാനും മടിയില്ലാത്ത ഘടാഘടിയൻമാരായ ജിമ്മൻ മാർ. മുതലും പലിശയും ചേർത്ത് കൊടുക്കാൻ തയ്യാറെടുത്ത തലയെടുപ്പുള്ളവർ
നായിക പ്രായം 18 മുതൽ 25 വരെ ആവാം.പക്ഷേ എന്താടീന്ന് ചോദിച്ചാൽ പോടാ ന്ന് പറയാനും വേണേൽ ഒന്ന് പൊട്ടിയ്ക്കാനും കെൽപ്പുള്ള ഒരു ചിമിട്ട് കാന്താരി മുളക് ആവണം. നാക്കിന് നല്ല ആരോഗ്യമുള്ള അമ്മമാർ,അവർക്ക് പ്രായ പരിധി ഇല്ല. പത്ര വൃത്താന്തത്തോടൊപ്പം പരദൂഷണം ജീവിതചര്യയാക്കിയ ചേട്ടൻമാർ. ഡയലോഗടിച്ചു കിളി പാറിക്കുന്ന കുറുമ്പൻമാരും കുറുമ്പികളും പ്രായം 8 മുതൽ 15 വരെ. ഇപ്പോള്‍ ആദ്യ ഓഡിഷൻ പൊന്നാനി ഗസ്റ്റ് ഹൗസ്.
വിശദ വിവരങ്ങൾക്ക് ദയവായി സ്ക്രീനിൽ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ എഡിറ്റ് ചെയ്യാത്ത ഫോട്ടോ, എന്തെങ്കിലും ചെറിയ പെർഫോമൻസ് ഇവ വാട്സപ് ചെയ്യൂ. സംവിധാനം ബഷീർ പൊന്നാനി. അദ്ദേഹത്തിന്റെ നാലാമത് ചിത്രം. ബാക്കി വിശേഷങ്ങൾ പിന്നാലെ. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ട് ലക്ഷ്മി പ്രിയ and crew '' .






