
ബോളിവുഡിനെ പൊട്ടിച്ചിരിപ്പിച്ച ഹിറ്റ് ചിത്രം ‘ഗോൽമാൽ: ഫൺ അൺലിമിറ്റഡ്’ തിയേറ്ററുകളിൽ എത്തിയിട്ട് 20 വർഷം തികയുന്നു. ഈ പ്രത്യേക വേളയിൽ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ അജയ് ദേവ്ഗൺ. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ സന്തോഷവും പഴയകാല ഓർമ്മകളും ആരാധകരുമായി പങ്കുവെച്ചത്.
"നമ്മൾ ഗോൽമാൽ ചെയ്യാൻ തുടങ്ങിയിട്ട് 20 വർഷം... ഇന്നും ആ തമാശയും സന്തോഷവും അതിരുകളില്ലാതെ തുടരുന്നു!" എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അജയ് ദേവ്ഗൺ കുറിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ എഡിറ്റ് ചെയ്ത ചിത്രങ്ങളും താരം ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇത്രയും വർഷങ്ങൾക്ക് ശേഷവും പ്രേക്ഷകർ ഈ ചിത്രത്തിന് നൽകുന്ന സ്നേഹത്തിനും ചിരിക്കും അദ്ദേഹം നന്ദിയും പറഞ്ഞു.
രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ 2006 ജൂലൈ 14-നാണ് 'ഗോൽമാൽ: ഫൺ അൺലിമിറ്റഡ്' റിലീസ് ചെയ്തത്. നീരജ് വോറയായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അജയ് ദേവ്ഗൺ, തുഷാർ കപൂർ, അർഷാദ് വർസി, ഷർമാൻ ജോഷി, റിമി സെൻ, പരേഷ് റാവൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമാണ് കൈവരിച്ചത്. ഹർഷ് ശിവശരന്റെ "ഘർ ഘർ" എന്ന മറാത്തി നാടകത്തിൽ നിന്നും, നീരജ് വോറയുടെ "അഫ്ലാതൂൺ" എന്ന ഗുജറാത്തി നാടകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്.
അന്ധരായ പ്രായമായ ഒരു ദമ്പതികളുടെ വീട്ടിൽ അഭയം പ്രാപിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ആദ്യ ഭാഗം പറഞ്ഞത്. ഈ ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് പിന്നീട് 'ഗോൽമാൽ റിട്ടേൺസ്' (2008), 'ഗോൽമാൽ 3' (2010), ഹൊറർ കോമഡി പശ്ചാത്തലത്തിലൊരുങ്ങിയ 'ഗോൽമാൽ എഗെയ്ൻ' (2017) എന്നീ ചിത്രങ്ങളും ഈ പരമ്പരയിൽ പുറത്തിറങ്ങി.






