
തന്റെ ചിത്രം മോശമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിക്കൊരുങ്ങി നടി അന്ന രേഷ്മ രാജൻ. വ്യാജ ചിത്രം പ്രചരിപ്പിച്ച സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ വിവരങ്ങൾ പങ്കുവെച്ച താരം, കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് കേരള പോലീസിനോടും സൈബർ ഡോമിനോടും ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ട ചിത്രത്തോടൊപ്പമാണ് അന്ന രേഷ്മ രാജൻ ഈ സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. ഈ ചിത്രം ദുരുദ്ദേശ്യപൂർവ്വം എഡിറ്റ് ചെയ്ത് അശ്ലീലവും അപകീർത്തികരവുമായ രീതിയിൽ പോസ്റ്റ് ചെയ്തത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്താനാണെന്ന് അന്ന പറഞ്ഞു. ഈ പ്രവൃത്തി ലജ്ജാകരവും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമാണ്. ഇത് തന്റെ സ്വകാര്യതയുടെയും അന്തസ്സിന്റെയും ഗുരുതരമായ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി.
നിലവിൽ ഈ അക്കൗണ്ടിനെതിരെ ഇൻസ്റ്റഗ്രാമിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഷയത്തിൽ പോലീസിൽ പരാതി നൽകാനാണ് തീരുമാനം. ഈ ചിത്രം എഡിറ്റ് ചെയ്തവർക്കും അത് പങ്കുവെച്ചവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. നീതി ലഭിക്കുന്നതുവരെ മുന്നോട്ടുപോകുമെന്നും, ദയവായി ഇത്തരം അധിക്ഷേപ ഉള്ളടക്കങ്ങൾ പിന്തുണയ്ക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും അന്ന രാജൻ കൂട്ടിച്ചേർത്തു. തന്റെ പോസ്റ്റിൽ മുഖ്യമന്ത്രി വി.ഡി സതീശനെയും അവർ മെൻഷൻ ചെയ്തിട്ടുണ്ട്.






