
ചൈനയിലെ അവതരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് കഴിഞ്ഞ നവംബറില്‍ വണ്‍പ്ലസ് 15 ഇന്ത്യയിലെത്തിയത്. ക്വാള്‍കോമിന്റെ ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 8 എലീറ്റ് ജെന്‍ 5 ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണാണ് നിലവില്‍ കമ്പനിയുടെ പ്രധാന ഫ്ലാഗ്ഷിപ്പ് മോഡല്‍. എന്നാല്‍ ഇപ്പോള്‍ വണ്‍പ്ലസ് 15-ന്റെ പിന്‍ഗാമിയായ വണ്‍പ്ലസ് 16 ഉടന്‍ തന്നെ ചൈനയില്‍ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു.
ഇതിനുപുറമേ, മുന്‍ മോഡലിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനായി മികച്ച ഗെയിമിംഗ് ഫീച്ചറുകള്‍ വണ്‍പ്ലസ് 16-ല്‍ ഉണ്ടാകുമെന്ന് കമ്പനി എക്സിക്യൂട്ടീവ് വെളിപ്പെടുത്തി. പേര് വ്യക്തമാക്കിയിട്ടില്ലാത്ത ഒരു പുതിയ സ്നാപ്ഡ്രാഗണ്‍ പ്രോസസറിലായിരിക്കും ഈ ഫോണ്‍ പ്രവര്‍ത്തിക്കുക. ഫോണിന്റെ ഡിസൈന്‍ വ്യക്തമാക്കുന്ന ഒരു ചിത്രവും ഇതിനിടയില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.
വണ്‍പ്ലസ് 16 : പുതിയ ഗെയിമിംഗ് ഫീച്ചറുകള്‍
'സ്നാപ്ഡ്രാഗണ്‍ ഗെയിമിംഗ് ടെക്നോളജി അവാര്‍ഡ്സ് 2026' ചടങ്ങിലാണ് വണ്‍പ്ലസ് ചൈന ജനറല്‍ മാനേജര്‍ ലിയു ബാവോയു ഈ വിവരങ്ങള്‍ പങ്കുവെച്ചത്. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ (Second Half) മൂന്ന് 'പ്രത്യേക ഗെയിമിംഗ് സാങ്കേതികവിദ്യകളോടെ' വണ്‍പ്ലസ് 16 വിപണിയിലെത്തുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
'വിന്‍ഡ് ചേസര്‍ ഗെയിമിംഗ് കോര്‍' (Wind Chaser Gaming Core), 'ഹൈ റിഫ്രഷ് റേറ്റ്', 'ഇ-സ്പോര്‍ട്സ് ട്രിപ്പിള്‍ ചിപ്പ്' എന്നിവയാണ് ഫോണിലുണ്ടാകുന്ന പ്രധാന ഫീച്ചറുകള്‍. ഇത് ഗെയിമിംഗ് പ്രകടനം വന്‍തോതില്‍ ഉയര്‍ത്താന്‍ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മുന്‍ മോഡലിന് സമാനമായി, വണ്‍പ്ലസ് 16-ലും 165Hz റിഫ്രഷ് റേറ്റ് ഉള്ള ഡിസ്പ്ലേയായിരിക്കും ഉണ്ടാകുക. തെരഞ്ഞെടുത്ത ചില ഗെയിമുകളില്‍ 165 fps വരെ സ്പീഡ് ലഭിക്കും. നിലവിലുള്ള വണ്‍പ്ലസ് 15-ല്‍ ക്വാള്‍കോമിന്റെ 3nm സ്നാപ്ഡ്രാഗണ്‍ 8 എലീറ്റ് ജെന്‍ 5 ചിപ്സെറ്റ്, അഡ്രിനോ 840 ജിപിയു, G2 വൈഫൈ ചിപ്പ്, ടച്ച് റെസ്പോണ്‍സ് ചിപ്പ് എന്നിവയാണുള്ളത്.
പുതിയ ഡിസൈനും മറ്റ് ഫീച്ചറുകളും
വണ്‍പ്ലസ് 16-ന്റെ ആദ്യ മാര്‍ക്കറ്റിംഗ് പോസ്റ്റര്‍ പുറത്തുവന്നതായി 'ഗിസ്മോചൈന' (Gizmochina) റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നിലെ ക്യാമറ മോഡ്യൂളില്‍ വലിയ മാറ്റങ്ങളോടെയായിരിക്കും ഫോണ്‍ എത്തുക. വണ്‍പ്ലസ് 15-ല്‍ ചതുരാകൃതിയിലുള്ള ക്യാമറ ഡിസൈനാണ് ഉപയോഗിച്ചിരുന്നതെങ്കില്‍, വണ്‍പ്ലസ് 16-ല്‍ വണ്‍പ്ലസ് 13-ന് സമാനമായ വൃത്താകൃതിയിലുള്ള (Circular) ക്യാമറ ഡിസൈനിലേക്ക് കമ്പനി തിരികെ പോയേക്കും.
മുന്‍ ഫോണുകളില്‍ കണ്ടു വന്നിരുന്ന മൂന്ന് ക്യാമറകള്‍ക്ക് പകരം രണ്ട് പിന് ക്യാമറകള്‍ (Dual Rear Camera) മാത്രമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മറ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 8 എലീറ്റ് ജെന്‍ 6 പ്രോ ചിപ്സെറ്റ്, 9,000mAh ബിഗ് ബാറ്ററി, 3x ഒപ്റ്റിക്കല്‍ സൂമോട് കൂടിയ 200-മെഗാപിക്സല്‍ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയും വണ്‍പ്ലസ് 16-ന്റെ സവിശേഷതകളായിരിക്കും.







Comments