
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ ബജറ്റ് ചോര്‍ന്നായി ആരോപണം. രാവിലെ 11.10 ഓടെയാണ് പ്രതിപക്ഷം ഈ ആരോപണം ഉന്നയിച്ച് ബഹളം തുടങ്ങിയത്. എം.എല്‍.എമാര്‍ നടുത്തളത്തില്‍ ഇറങ്ങി. ബജറ്റ് പ്രഖ്യാപനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
ബജറ്റിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. റവന്യൂ വരുമാനം, ധനചെലവ് എന്നിവ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പുറത്തുപോയി എന്നും പ്രതിപക്ഷം ആരോപിച്ചു.
ബജറ്റ് പ്രഖ്യാപനത്തിലെ പ്രധാന കാര്യങ്ങള്‍ ചുരുക്കി പ്രചരിക്കുന്നത് മുന്‍പും നടന്നിട്ടുണ്ട്. ബജറ്റ് അവതരിപ്പിക്കുന്ന സമയത്താണ് ഇതും നടക്കുന്നത്. അതിനപ്പുറമുള്ളത് പിന്നീട് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും അറിയിച്ചു.
ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം ബജറ്റ് പ്രസംഗത്തിനു ശേഷം പരിശോധിച്ച് സ്പീക്കറെയും സഭയേയും അറിയിക്കാമെന്ന് ധനമന്ത്രിയും അറിയിച്ചു.
അതേസമയം, ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പല പദ്ധതികളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. മിക്ക പത്രങ്ങള്‍ക്കും ബജറ്റിന്റെ ഏതാനും പേജുകള്‍ ചോര്‍ന്ന് ലഭിച്ചിരുന്നു.






