
തിരുവനന്തപുരം: ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ബജറ്റിന്റെ വിശുദ്ധി നഷ്ടമായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധത്തിനും ഇറങ്ങിപ്പോകലിനും ഇടയില്‍ തന്നെ ബജറ്റ് അവതരണം ധനമന്ത്രി പൂര്‍ത്തിയാക്കിയെങ്കിലും സമാന്തരമായി നിയമസഭയിലെ മീഡിയാ റൂമില്‍ പ്രതിപക്ഷ നേതാവും ബജറ്റ് അവതരണം നടത്തി.
മന്ത്രി വായിക്കുന്നതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ധനമന്ത്രി സോഷ്യല്‍ മീഡിയയുടെ ആളാണെന്നും ചോര്‍ത്തിയത് ധനമന്ത്രിയുടെ ഓഫിസില്‍ നിന്ന് തന്നെയാകുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്‍പ് ആ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വരുന്ന സ്ഥിതി ശരിയല്ലെന്നും റവന്യൂ വരുമാനം, ചെലവ് കണക്കുകള്‍ അടക്കം പുറത്തായെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.
ഈ വിഷയം ഗൗരവമായി പരിശോധിക്കാമെന്ന് സ്പീക്കറും പ്രതിപക്ഷ നേതാവു പറഞ്ഞ കാര്യങ്ങള്‍ മാത്രമേ അറിവുള്ളൂവെന്ന് അന്വേഷിച്ച് ഇക്കാര്യത്തില്‍ പിന്നീട് വിശദീകരണം നല്‍കാമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞെങ്കിലൂം പ്രതിപക്ഷം അംഗീകരിച്ചില്ല. ബജറ്റ് അവതരിപ്പിച്ച് രണ്ടു മണിക്കൂര്‍ പിന്നിട്ട ശേഷമാണ് ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. വായിക്കാനുള്ള ബാക്കി ഭാഗം രമേശ് ചെന്നിത്തല വായിക്കുകയും ചെയ്തു.
തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യങ്ങളുമായി നിയമസഭയില്‍ നിന്നും പുറത്തേക്ക് പോകുകയും ചെയ്തു. പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പ്രതിപക്ഷത്തോട് പറഞ്ഞു. ബജറ്റിലെ പ്രധാനപ്പെട്ട വിവരങ്ങള്‍ പുറത്തായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പുനല്‍കി.






