
ന്യൂഡല്ഹി : രാജ്യത്ത് പഞ്ചസാര വില സര്വകാല റെക്കോര്ഡിലേക്ക് കുതിക്കുന്നു. ഇത് തടയാനായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ പൂര്ണമായും ഒഴിവാക്കാനോ അല്ലെങ്കില് ഗണ്യമായി വെട്ടിക്കുറയ്ക്കാനോ കേന്ദ്ര സര്ക്കാര് ആലോചിക്കുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉത്പാദകരായ ഇന്ത്യയുടെ ഈ നീക്കം ആഭ്യന്തര വിപണിയിലെ ലഭ്യത വര്ദ്ധിപ്പിക്കാനും വില പിടിച്ചുനിര്ത്താനും ലക്ഷ്യമിട്ടുള്ളതാണ്.
പഞ്ചസാര ഇറക്കുമതിക്ക് 100 ശതമാനമാണ് നികുതി. ഇത് നീക്കം ചെയ്യുന്നതിനുള്ള ചര്ച്ചകള് പുരോഗമിക്കുകയാണ്. ഓഗസ്റ്റ് അവസാനം മുതല് ജനുവരി വരെയുള്ള കാലയളവില് മധുരപലഹാരങ്ങള്, പാനീയങ്ങള്, സംസ്കരിച്ച ഭക്ഷണങ്ങള് എന്നിവയ്ക്കായി പഞ്ചസാരയുടെ ആവശ്യകത കുത്തനെ കൂടാറുണ്ട്. ഇത് മുന്നില്ക്കണ്ടാണ് വില നിയന്ത്രിക്കാനുള്ള സര്ക്കാരിന്റെ നീക്കം. എന്നാല്, ഭക്ഷ്യ-വാണിജ്യ മന്ത്രാലയങ്ങള് ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വിത്തൗട്ടാകുമോ...
പഞ്ചസാര വില ഉയർന്നതോടെ ജ്യൂസിന്റെയും ചായയുടെയും ഉൾപ്പെടെ വില പലയിടത്തും വർധിപ്പിച്ച് കഴിഞ്ഞു. സാധാരണക്കാരുടെ കീശ കീറാതിരിക്കാൻ പരമാവധി ശ്രമിച്ചെന്നും പിടിച്ച് നിൽക്കാനാകാത്തതുകൊണ്ടാണ് വില ഉയർത്തേണ്ടി വരുന്നതെന്നും കച്ചവടക്കാർ പറഞ്ഞു. ഇങ്ങനെ പോയാൽ വീട്ടിലും വിത്തൗട്ടാക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.







Comments