
ബെംഗളൂരു: വീഡിയോയ്ക്ക് 26 സെക്കൻഡ് ദൈർഘ്യമേ ഉള്ളൂവെങ്കിലും വൈറലായത് റോക്കറ്റ് വേഗത്തിലാണ് വൈറലായത്. സൺഡേ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ ബെംഗളൂരുവിലെ കബ്ബൺ പാർക്കിൽ വെച്ച് രണ്ട് യുവതികൾ പരസ്പരം പോരടിക്കുന്ന ദൃശ്യങ്ങളാണ് വളരെ വേഗം ഇൻസ്റ്റയിലും ഫേസ്ബുക്കിലും വൈറലായത്.
സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കബ്ബൺ പാർക്കിൽ രണ്ട് യുവതികൾ പരസ്പരം മുടിയിൽ പിടിച്ചു വലിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. പാർക്കിലെ പാതയിൽ പരസ്പരം ആക്രമിക്കുന്ന ഇവരെ കണ്ട് നിരവധി പേരാണ് തടിച്ചുകൂടിയത്. എന്നാൽ, ചുറ്റും കൂടിയവർ വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു. വഴക്ക് ഇല്ലാതാക്കാൻ കാഴ്ചക്കാർ ആരും ശ്രമിച്ചില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് വഴക്കിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവസ്ഥലത്തുണ്ടായിരുന്നവർ മൊബൈൽ ഫോണുകളിൽ പകർത്തിയ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ അതിവേഗം വൈറലായി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പരാതികളോ പൊലീസ് പ്രസ്താവനകളോ പുറത്തിറങ്ങിയിട്ടില്ല.







Comments