അങ്ങനെ ഒരു ഓണക്കാലം കൂടി എത്തി. ഓണം ഒരു ആഘോഷമായിരുന്നു എക്കാലവും. എന്നാല്‍ ഓഫീസുകളിലും സ്കൂളുകളിലും ഓണാഘോഷത്തിന്റെ ശൈലി മാറിയതോടുകൂടി വലിയ രീതിയില്‍ ആഘോഷിക്കാന്‍ തുടങ്ങി എന്ന് പറയാം.
ഇതിന്റെ ചുവട് പിടിച്ചു ആഘോഷങ്ങളുടെ രീതി കുടുംബത്തിലേക്കും എത്തിയതോടുകൂടി ഓണാഘോഷം അതിരുകളില്ലാതെ ആയി. കേരളീയരെ സംബന്ധിച്ച് ഓണത്തോടുകൂടി ഉത്സവ സീസണ് ആരംഭിച്ചു എന്ന് പറയാം. ഇനി തുടര്‍ച്ചയായി ഉത്സവങ്ങളും ആഘോഷങ്ങളും ആണ് ഓരോ വ്യക്തിയുടെയും ജീവിതത്തില്‍.
മികച്ച രീതിയില്‍ ഓണം ആഘോഷിക്കുന്നതോടൊപ്പം മറ്റ് ആഘോഷങ്ങളും അതേ രീതിയില്‍ ആഘോഷമാക്കാന്‍ മലയാളികള്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ കാലയളവില്‍ വലിയ ഒരു തുക ആഘോഷങ്ങള്‍ക്കായി പ്രതിമാസ വരുമാനത്തില്‍നിന്ന് നീക്കി വയ്ക്കേണ്ടത് ആയിട്ട് വരും. കാര്യങ്ങള്‍ മുന്നില്‍കണ്ട് ശരിയായ രീതിയില്‍ ആസൂത്രണം ചെയ്തില്ല എങ്കില്‍ ഉയര്‍ന്ന തുക വരുമാനമായി ഉണ്ടായാല്‍ പോലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാന്‍ ഇടയാകും.
ആഘോഷ സമയത്ത് പ്രധാന ചിലവ് എന്നത് ഷോപ്പിങ് ചെയ്യുമ്പോഴാണ് ഉണ്ടാകുന്നത്. ആഘോഷ കാലയളവുകളില്‍ കടകളും ഓണ്‍ലൈന്‍ വെബ്സൈറ്റുകളും ധാരാളം ഓഫറുകളും മറ്റും നല്‍കുന്നതുകൊണ്ടുതന്നെ ആവശ്യമുള്ളതും ഇല്ലാത്തതുമായ ധാരാളം സാധനങ്ങള്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ തുക ചിലവഴിച്ച് മേടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും വലിയ കടയ്ക്കണിയിലേക്ക് മിക്കവരെയും എത്തിക്കാറുണ്ട്. എന്നത് യാഥാര്‍ത്ഥ്യമാണ് ഇതില്‍നിന്ന് രക്ഷപ്പെടാനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.
ആദ്യം തന്നെ ഒരു ബജറ്റ് ഉണ്ടാക്കുക എന്നത് പ്രധാനമാണ്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി എത്ര രൂപ ഇതില്‍ ചിലവഴിക്കാന്‍ ആകും എന്ന് മനസിലാക്കി ആ തുക മാത്രം ചിലവഴിക്കുന്ന രീതിയിലേക്ക് സാഹചര്യം ഉണ്ടാക്കുക. ബജറ്റ് ഉണ്ടാക്കിയാല്‍ മാത്രം പോരാ അതിനനുസരിച്ച് സാധനങ്ങള്‍ വാങ്ങുന്നതും നിയന്ത്രിച്ച് ബജറ്റ് ചെയ്ത തുകയ്ക്കുള്ളില്‍ ചിലവ് നില്ക്കും എന്ന് ഉറപ്പുവരുത്തുക.
നേരത്തെ സൂചിപ്പിക്കുന്നത് പോലെ പലവിധ ഓഫറുകളും നമുക്ക് ചുറ്റും ഉണ്ടാകും.ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം ബജറ്റിന് പുറത്ത് ചിലവ് പോകാതെ കാര്യങ്ങള്‍ ചെയ്യുക. ആഘോഷ പരിപാടികളില്‍ സമ്മാനങ്ങള്‍ കൊടുക്കുമ്പോള്‍ പലപ്പോഴും സാധനങ്ങള്‍ മാത്രം കൊടുക്കാതെ ഭാവിയില്‍ നിക്ഷേപമായി മാറാന്‍ സാധ്യതയുള്ള കൊടുക്കുകയാണെങ്കില്‍ കൂടുതല്‍ ഗുണകരമാകും.
ഈ ഉത്സവ കാലം എല്ലാവര്‍ഷവും വരുന്നതാണ്. ഈ സമയത്ത് ധാരാളം തുക ചെലവഴിക്കേണ്ടി വരും എന്ന് മുന്‍കൂട്ടി അറിയാം. അതുകൊണ്ടുതന്നെ ആ സമയത്ത് തുക അന്വേഷിക്കാതെ തുടര്‍ച്ചയായി ഒരു നിശ്ചിത തുക നീക്കി വച്ച് ഓരോ സമയത്തും ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന തുക മുന്‍കൂട്ടി സമാഹരിക്കുക.
ഇത് ക്രെഡിറ്റ് കാര്‍ഡ്, പഴ്സണല്‍ ലോണ്‍ പോലെ വിവിധ ബാധ്യതകള്‍ ഉണ്ടാകാനുള്ള സാഹചര്യം ഇല്ലാതാക്കാന്‍ സഹായിക്കും. പലപ്പോഴും ഒരു ഉത്സവകാലത്ത് ഉണ്ടായ ബാധ്യത അടുത്ത ഉത്സവ കാലം വരെ അടയ്ക്കുകയും തുടര്‍ന്ന് ഉത്സവകാലത്തേക്ക് വേറെ ബാധ്യത എടുക്കുകയും ചെയ്യാറുണ്ട്. അതിനുപകരം ഒരു നിക്ഷേപമായി ഈ തുക അടച്ചു പോവുകയാണ് എങ്കില്‍ പലിശയിനത്തിലെ നഷ്ടം ഒഴിവാക്കാന്‍ ആകും. സമാധാനപരമായി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയും ചെയ്യും.
ഉത്സവകാലത്ത് പലപ്പോഴും ബോണസ്, ഗിഫ്റ്റ് എന്നിയിനങ്ങളില്‍ തുക ലഭിക്കാറുണ്ടാവും. ഈ തുക മുഴുവനും ചിലവഴിക്കാതെ നിക്ഷേപത്തിനും മാറ്റി വയ്ക്കുക. ഉത്സവകാലം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കാലമാണ്. ബാധ്യതകള്‍ ഉണ്ടാക്കി മാനസിക സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ഈ വഴികള്‍ ഉപയോഗിച്ചാല്‍ മതിയാകും.
ജിബിന്‍ ജോണ്‍





Comments