
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ മുന്‍നിര ഓഹരി വില്‍പ്പനയ്ക്ക് മുന്‍തൂക്കം നല്‍കിയത് സൂചികകളില്‍ തുടര്‍ച്ചയായ രണ്ടാം വാരവും വിള്ളലുളവാക്കി. ബാധ്യതകള്‍ പണമാക്കാന്‍ അവര്‍ നടത്തിയ നീക്കത്തിനിടയില്‍ ആഭ്യന്തര മ്യൂച്വല്‍ കനത്ത വാങ്ങലുകള്‍ നടത്തി സൂചികയ്ക്ക് താങ്ങ് പകരാനും ശ്രമം നടത്തി.
വിദേശ ഓപ്പറേറ്റര്‍മാര്‍ ഇതിനിടയില്‍ നിക്ഷേപം തിരിച്ചുപിടിക്കാന്‍ നടത്തിയ നീക്കം ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപയുടെ മൂല്യ തകര്‍ച്ചയ്ക്ക് കാരണമായി. ബോംബെ സൂചിക 468 പോയിന്റും നിഫ്റ്റി സൂചിക 114 പോയിന്റും ഇടിഞ്ഞു.
മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷാവസ്ഥ രാജ്യാന്തര ക്രൂഡ് ഓയില്‍ വില ഉയര്‍ത്തുന്നത് ഈവാരം രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദമുളവാക്കും. പണപ്പെരുപ്പ സാധ്യതകള്‍ സ്ഥിതി കൂടുതല്‍ പരിങ്ങലിലാക്കുമെന്ന നിഗമനത്തില്‍ വിദേശ നിക്ഷേപകര്‍ നിഫ്റ്റി ഫ്യൂച്ചറിലും വില്‍പ്പനയ്ക്ക് നീക്കം നടത്തി. വിദേശത്ത് നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ വിപണിയെ തളര്‍ത്താതിരിക്കാന്‍ ആഭ്യന്തര ഫണ്ടുകള്‍ മൊത്തം 13,778.62 കോടി രൂപയുടെ ഓഹരികള്‍ കഴിഞ്ഞവാരം വാങ്ങിക്കൂട്ടി. വിദേശ ഇടപാടുകാര്‍ 3661 കോടി രൂപയുടെ ഓഹരികള്‍ വില്‍പ്പന നടത്തി. ഓഹരി വിപണിയിലെ ബിയറിഷ് പ്രവണതയ്ക്ക് ഇടയില്‍ രാജ്യത്തെ ഏറ്റവും മൂല്യമേറിയ 10 കമ്പനികളില്‍ നാലെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ 87,960.29 കോടി രൂപയുടെ ഇടിവ് സംഭവിച്ചു.
മുന്‍നിര ഓഹരികള്‍ തകര്‍ന്നടിഞ്ഞു
മുന്‍നിര ഓഹരികളായ ഇന്‍ഫോസീസ്, റ്റി.സി.എസ്, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്, ടാറ്റാ സ്റ്റീല്‍, സണ്‍ ഫാര്‍മ്മ, ഐ.റ്റി.സി, എച്ച്.യു.എല്‍, മാരുതി, എം ആന്‍ഡ് എം തുടങ്ങിയവയ്ക്ക് തിരിച്ചടി. നിക്ഷേപ താല്പര്യത്തില് ആര്.ഐ.എല്‍, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എല്‍ ആന്‍ഡ് റ്റി ഓഹരികള്‍ കരുത്ത് കാണിച്ചു. ബോംബെ സൂചിക 78,009 ല്‍ നിന്നും തുടക്കത്തില്‍ 78,048 പോയിന്റിലേയ്ക്ക് ചുവടുവച്ചെങ്കിലും അധിക നേരം ഈ റേഞ്ചില്‍ വിപണിക്ക് പിടിച്ചു നില്ക്കാനായില്ല. വില്‍പ്പനക്കാര്‍ വിപണിയെ പ്രതിരോധത്തിലാക്കിയതോടെ സെന്‍സെക്സിന് 77,000 ലെ നിര്‍ണ്ണായക താങ്ങ് തകര്‍ത്ത് 76,822 പോയിന്റിലേയ്ക്ക് ഇടിഞ്ഞു. വെള്ളിയാഴ്ച്ച മാര്‍ക്കറ്റ് കേ്ലാസിങ് സൂചിക 77,540 പോയിന്റിലാണ്.
ഈ വാരം സെന്‍സെക്സ് 78,118 റേഞ്ചിലെ പ്രതിരോധ മേഖലയിലേയ്ക്ക് തിരിച്ചുവരവിനു ശ്രമം നടത്താം, ഈ നീക്കം വിജയിച്ചില്ലെങ്കില്‍ ഫണ്ടുകള്‍ മുന്‍ നിര ഓഹരികള്‍ വിറ്റുമാറാന്‍ രംഗത്ത് ഇറങ്ങിയാല്‍ സൂചിക 76,892-76,244 റേഞ്ചിലേയ്ക്ക് തിരിയാം. 78,118 ലെ ആദ്യ പ്രതിരോധം തകര്‍ത്താല്‍ വിപണി 78,696 ലേയ്ക്ക് സഞ്ചരിക്കാം.
നിഫ്റ്റി സൂചിക മുന്‍വാരത്തിലെ 24,366 പോയിന്റില്‍ നിന്നും കൂടുതല്‍ കരുത്ത് നേടാനാവാതെ 24,025 ലേയ്ക്ക് വാരാദ്ധ്യം താഴ്ന്നു. കഴിഞ്ഞ വാരം സൂചിപ്പിച്ച 24,001 ലെ സപ്പോര്‍ട്ട് വിപണി നിലനിര്‍ത്തിയത് വാങ്ങലുകാരെ ആകര്‍ഷിച്ചതോടെ താഴ്ന്ന റേഞ്ചില്‍ നിന്നും നിഫ്റ്റി വാരാന്ത്യം 24,252 ലേയ്ക്ക് കയറി. നിഫ്റ്റിക്ക് ഈവാരം 24,064 23,877 ല്‍ താങ്ങുണ്ട്. വിപണി മുന്നേറിയാല്‍ 24,399-24,547 പോയിന്റിനെ ലക്ഷ്യമാക്കി നീങ്ങാം. ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 95.41ല്‍ നിന്നും 95.73 ലേയ്ക്ക് ദുര്‍ബലമായെങ്കിലും വ്യാപാരാന്ത്യം അല്‍പ്പം കരുത്ത് തിരിച്ചുപിടിച്ച് 95.68 ലാണ്.
രാജ്യാന്തര
ക്രൂഡ് വില ഉയര്‍ന്നു
രാജ്യാന്തര ക്രൂഡ് വില ഉയര്‍ന്നു. ബാരലിന് 90 ഡോളറില്‍ നിന്നും മുന്‍വാരം സൂചന നല്കിയ 91 ലെ പ്രതിരോധം മറികടന്ന് 94.40 ഡോളറിലെത്തി.
നിലവിലെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ എണ്ണ വില 98 ഡോളര്‍ വരെ മുന്നേറാന്‍ ശ്രമം നടത്താം. ന്യൂയോര്‍ക്കില്‍ സ്വര്‍ണത്തിന് തിളക്കമേറി. വിവിധ കേന്ദ്ര ബാങ്കുകള്‍ മഞ്ഞലോഹത്തില്‍ നിക്ഷേപത്തിന് മത്സരിച്ചതോടെ ട്രോയ് ഔണ്‍സിന് 4376 ഡോളറില്‍ നിന്നും 4632 ഡോളര്‍ വരെ ചുവടുവെച്ചു. വാരാന്ത്യം നിരക്ക് 4602 ഡോളറിലാണ്.





Comments