
മട്ടാഞ്ചേരി: നിത്യോപയോഗത്തില് ഒഴിവാക്കാനാവാത്ത പഞ്ചസാരയ്ക്കു വില കുതിച്ചുകയറി. രണ്ടു മാസം മുമ്പ് പ്രാദേശിക മാര്‍ക്കറ്റുകളില്‍ കിലോയ്ക്ക് 43 രൂപയില്‍ വിറ്റിരുന്ന പഞ്ചസാരയ്ക്ക് 70 മുതല്‍ 72 രൂപ വരെ വില ഉയര്‍ന്നു. വില ഉയര്‍ന്നതിനു കാരണമായി മില്ലുടമകള്‍ പറയുന്നത് കരിമ്പ് കൃഷിക്കുണ്ടായ കീടബാധയും കാലാവസ്ഥ വ്യതിയാനവും ഉത്പാദനത്തെ ബാധിച്ചുവെന്നാണ്. ആവശ്യത്തിന് കരിമ്പ് കിട്ടുന്നില്ലന്നുമാണ് മഹാരാഷ്ട്രയിലെ മില്ലുടമകളുടെ വിശദീകരണം.ഒരു ടണ്‍ കരിമ്പ് സംസ്കരിച്ചാല്‍ ഒരു ക്വിന്റല്‍ പഞ്ചസാരയാണ് കിട്ടുന്നത്. ബാക്കി 900 കിലോ അവശിഷ്ടങ്ങള്‍ ശര്‍ക്കര, മദ്യത്തിനായി ഡിസ്റ്റിലറി മറ്റ് വ്യവസായ ആവശ്യങ്ങള്‍ക്കായി പോകുമെന്നാണ് മില്ലുടമകള്‍ പറയുന്നത്.
ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ ഉത്സവകാല സീസണാണ്.
ദീപാവലിക്ക് ആഴ്ച്ചകള്‍ക്ക് മുന്‍പേ മധുര പലഹാരങ്ങള്‍ക്കായി പഞ്ചസാര വലിയ തോതില്‍ ആവശ്യമായി വരും. ഇതെല്ലാം മുന്നില്‍കണ്ട് വന്‍കിട പഞ്ചസാര ലോബികളും വന്‍കിട മില്ലുടമകളും പൂഴ്ത്തിവയ്പ്പ് തുടങ്ങിയിരിക്കയാണെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. കൃത്രിമ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.
വിലക്കയറ്റം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ പഞ്ചസാര ഇറക്കുമതി ചെയ്തേക്കും. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ജര്‍മ്മനിയില്‍നിന്നു പഞ്ചസാര ഇറക്കുമതി ചെയ്തിരുന്നു.
നാടന്‍ പഞ്ചസാരയെക്കാള്‍ വിലക്കുറവും മധുരവും കുറവുമാണ്. കര്‍ണാടക, മഹാരാഷ്ട്ര മേഖലകളില്‍നിന്നു പഞ്ചസാരയുടെ വരവുകുറഞ്ഞാല്‍ കിലോയ്ക്ക് നൂറു രൂപയ്ക്ക് അടുത്തെത്തുമെന്ന് വ്യാപാരികള്‍ പറയുന്നു.
ജോസഫ് വെണ്ണിക്കുളം





Comments