
സമൂഹമാധ്യമങ്ങളുടെ ലോകത്ത് എപ്പോഴാണ് എന്തൊക്കെ കാണാൻ കഴിയുക എന്ന് പറയാനാവില്ല. ചിലപ്പോൾ മനുഷ്യർ തമ്മിലുള്ള വഴക്കുകളുടെ വീഡിയോകൾ വൈറലാകാറുണ്ട്, ചിലപ്പോൾ മൃഗങ്ങളുടെയും. എന്നാൽ ഇത്തവണ നിങ്ങളുടെ ചിരി നിർത്താൻ കഴിയാത്ത ഒരു വീഡിയോയാണ് ഇൻറർനെറ്റിൽ ട്രെൻഡിങ്ങായിരിക്കുന്നത്. ലണ്ടനിലെ ഒരു തിരക്കേറിയ മെട്രോ സ്റ്റേഷനിൽ രണ്ട് എലികൾ പരസ്പരം കൈകാലുകൾ ഉപയോഗിച്ച് അടിപിടി കൂടുന്നതാണ് ഈ സംഭവം.
ഭക്ഷണത്തിന് പിന്നാലെ എലികൾ പായുന്നത് നിങ്ങൾ സാധാരണയായി കണ്ടിട്ടുണ്ടാകും, എന്നാൽ ലണ്ടനിലെ ഓക്സ്ഫോർഡ് സർക്കസ് സ്റ്റേഷനിൽ തികച്ചും വ്യത്യസ്തമായ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇവിടെ രണ്ട് എലികൾ ഭക്ഷണത്തിനുവേണ്ടിയുള്ള വഴക്ക് ഒരു ബോക്സിങ് റിങ്ങിലെ ഇടി ആക്കി മാറ്റുകയായിരുന്നു. പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന യാത്രക്കാർ, രണ്ട് ചെറിയ എലികൾ മനുഷ്യരെപ്പോലെ നിവർന്നുനിന്ന് പരസ്പരം ഇടിക്കുന്നത് കണ്ട് അമ്പരന്നുപോയി.
ലണ്ടനിലെ പ്രശസ്തമായ സോഹോ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 'ഓക്സ്ഫോർഡ് സർക്കസ് ലണ്ടൻ അണ്ടർഗ്രൗണ്ട് സ്റ്റേഷനിലാണ്' ഈ അപൂർവ്വ കാഴ്ച ഉണ്ടായത്. സമൂഹമാധ്യമങ്ങളിൽ ആഗസ്റ്റ് 29-ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ, അതിനുമുഉമ്പത്തെ രാത്രിയാണ് നടന്നതെന്നാണ് കരുതപ്പെടുന്നത്. ട്രെയിൻ പാളത്തിന് സമീപമുള്ള പ്ലാറ്റ്ഫോമിൽ വീണ ചെറിയൊരു കഷ്ണം ഭക്ഷണമാണ് ഈ വഴക്കിന്റെയെല്ലാം കാരണം. അവരിൽ ആരും തന്നെ ആ ഭക്ഷണക്കഷ്ണം വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
"ലണ്ടൻ അണ്ടർഗ്രൗണ്ടിൽ ഫൈറ്റ് ഫൈറ്റ് ഫൈറ്റ്, പക്ഷേ ഇവയെന്തൊരു ക്യൂട്ട് ആണ്!" എന്നാണ് വീഡിയോ പങ്കുവെച്ച സ്ത്രീ അടിക്കുറിപ്പായി എഴുതിയത്. ഈ വീഡിയോ പോസ്റ്റ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ തന്നെ 1 ലക്ഷത്തി ഇരുപതിനായിരത്തിലധികം ലൈക്കുകൾ ലഭിച്ചു. ഈ രണ്ട് എലികളുടെയും ഫൈറ്റിംഗ് സ്റ്റൈൽ ആളുകൾക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. തുടർന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇവയ്ക്ക് 'മൈസ് ടൈസൻ', 'മിക്കി മൗസ് വാർഡ്' എന്നിങ്ങനെ പേരുകളും നൽകി.
ഈ കടുത്ത അടിപിടിയുടെ വീഡിയോ സോഷ്യമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഈ ഫൈറ്റിലെ യഥാർത്ഥ വിജയി ആരാണെന്നുള്ളത് ഇപ്പോഴും ഒരു സസ്പെൻസാണ്. രണ്ട് എലികളും പരസ്പരം കീഴ്പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ട്രെയിൻ എത്തുന്നതിന് മുൻപ് യാത്രക്കാർക്ക് ഇതൊരു മികച്ച വിനോദമായി മാറി.







Comments