
ഇന്ന് ഇന്ത്യന് സിനിമ കണ്ടതില് ഏറ്റവും മികച്ച അഭിനേത്രിയാണ് ഉര്വശി. തെന്നിന്ത്യയുടെ ലേഡി സൂപ്പര്സ്റ്റാര് എന്ന പദവി കൃത്യമായി യോജിക്കുന്ന താരം കഴിഞ്ഞ പതിറ്റാണ്ടുകളായി ബിഗ്സ്ക്രീനില് നിറഞ്ഞു നില്ക്കുകയാണ്. മലയാളത്തിന് പുറമേ തമിഴിലും കന്നഡയിലും തെലുങ്കിലുമെല്ലാം ഒരേപോലെ വിസ്മയം തീർത്ത താരം ഇന്നും പ്രാധാന്യമര്ഹിക്കുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കുകയാണ്. നര്മ്മവും കുശുമ്പും കണ്ണീരും മാത്രമല്ല വില്ലത്തരവും ഗൗരവ്വ വേഷങ്ങളുമടക്കം ഏതു ഭാവവും അതിസൂക്ഷ്മമായി ഫലിപ്പിക്കാൻ ഉര്വശിക്കുള്ള കഴിവ് മറ്റ് അഭിനേത്രികള്ക്കില്ല എന്ന് നിസംശയം പറയാം. തെന്നിന്ത്യ കണ്ട എക്കാലത്തെയും മികച്ച അഭിനേത്രി ഉർവശിക്ക് പകരക്കാരില്ല എന്നുള്ളതാണ് സത്യം.
സിനിമയില് കുസൃതിത്തരങ്ങള് കാണിക്കാറുള്ള ഉര്വശി കഥാപാത്രങ്ങള് എന്നും പ്രേക്ഷകര്ക്ക് പ്രിയങ്കരമാണ്. അഭിമുഖങ്ങളിലും താരം സ്വഭാവികമായിത്തന്നെ സംസാരിക്കുമെന്നുള്ളത് പ്രേക്ഷകര്ക്ക് നേരിട്ടറിയാം. പലപ്പോഴും കിടിലം മറുപടികളാണ് താരം അവതാരകര്ക്ക് നല്കാറുണ്ട്. ഉര്വശിയുടെ തഗുകള് കേട്ട് ഒരു നിമിഷം സ്തംബ്ദരായി പോകുന്ന മാധ്യമപ്രവര്ത്തകരെയും സോഷ്യല് മീഡിയ കാണിച്ചു തന്നിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആശ’യുടെ പ്രൊമോഷന് അഭിമുഖത്തിനിടെ ഉര്വശി നല്കിയ തഗ് മറുപടിയാണ് സോഷ്യല് മീഡിയയെ ചിരിപ്പിക്കുന്നത്. ഉർവശി ചേച്ചിയും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ആശ’യുടെ അഭിമുഖത്തിനും ഇവര് രണ്ടാളുമുണ്ടായിരുന്നു. അഭിമുഖത്തിനിടയില് അവതാരകൻ ഉർവശിയോട് ഒരു പാട്ടു പാടാമോ എന്ന് സ്നേഹപൂർവ്വം ആവശ്യപ്പെട്ടു.
അതിനു മറുപടിയായി, ‘മോനേ...കൊള്ളൂലെടാ...അറിയാത്ത പ്രായത്തില് പാമ്പിനെ കേറി പിടിക്കാം, അറിയുന്ന പ്രായത്തില് പിടിച്ചൂടടാ.. അത് അഹങ്കാരമാ. ഇനി പാടിയും കൂടി നിങ്ങളെ കർണകഠോരമായിട്ട് പീഡിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല...’ എന്നാണ് സ്വതസിദ്ധമായ ശൈലിയില് ഉര്വശി ചിരിച്ചു കൊണ്ട് പറഞ്ഞത്.
ഇതു കേട്ട അവതാരകന്, ‘‘ഒരു വലിയ ആരാധകൻ എന്ന നിലയില് ചോദിച്ചതാണ്...’’ എന്ന് വീണ്ടും പറഞ്ഞു. അതിനും വന്നു ഉര്വശിയുടെ കിടിലം മറുപടി. ‘‘എന്നാല് അത് നിനക്ക് മാത്രമായി ഞാൻ പിന്നീട് പാടി തരാം...’’ എന്നായിരുന്നു ഞൊടിയിടയില് താരം നല്കിയ കൗണ്ടര് മറുപടി. മുൻപ് സിനിമകളില് സ്വന്തമായി പാടിയ അനുഭവങ്ങളെക്കൂടി നർമ്മത്തില് ചാലിച്ച് സ്വയം ട്രോളിയായിരുന്നു താരത്തിന്റെ മറുപടി. ഉര്വശിയുടെ മറുപടി കേട്ട് സദസ്സും ഒപ്പമുണ്ടായിരുന്ന ഐശ്വര്യലക്ഷ്മിയും പൊട്ടിച്ചിരിച്ചു. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്.
നവാഗതനായ സഫർ സനല് കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആശ. ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയോടെ എത്തുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ‘പണി’ ഫെയിം രമേഷ് ഗിരിജ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്. അജിത് വിനായക ഫിലിംസിന്റെ ബാനറില് വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. പൊൻമാൻ, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സർക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകള്ക്ക് ശേഷം എത്തുന്ന ചിത്രമായതിനാല് ഈ സിനിമയെയും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര് കാത്തിരിക്കുന്നത്.







Comments