
ഒരു നിമിഷത്തെ പിഴവ് എത്ര വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പോളണ്ടിലെ റെയിൽവേ ക്രോസിങ്ങിൽ ബാരിക്കേഡുകൾക്കിടയിൽ ട്രക്ക് കുടുങ്ങിയതിന് പിന്നാലെ സംഭവിച്ചത് ഞെട്ടിക്കുന്ന അപകടം. ട്രക്ക് കുടുങ്ങിക്കിടക്കുമ്പോൾ തന്നെ അതേ പാളത്തിലൂടെ ട്രെയിൻ എത്തുകയായിരുന്നു.
ക്രോസിങ്ങിലെ തടസ്സങ്ങൾ താഴ്ന്നതിന് പിന്നാലെ ട്രക്കിന്റെ ട്രെയിലർ പാളത്തിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. ട്രക്ക് മുന്നോട്ടും പിന്നോട്ടും നീക്കാൻ ശ്രമിച്ചെങ്കിലും പാളത്തിൽ നിന്ന് പുറത്തേക്ക് മാറ്റാൻ കഴിഞ്ഞില്ല. ഇതിനിടെ ട്രെയിൻ അതിവേഗം സമീപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടം മുന്നിൽ കണ്ടതോടെ സമീപത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
അൽപസമയത്തിനകം പാഞ്ഞെത്തിയ പാസഞ്ചർ ട്രെയിൻ ട്രക്കിന്റെ ട്രെയിലറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്കിന്റെ ഭാഗങ്ങൾ ചിതറിത്തെറിക്കുകയും പ്രദേശമാകെ പുക നിറയുകയും ചെയ്തു. ഏകദേശം 300 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ നാല് പേർക്ക് നിസാര പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അപകടത്തിന്റെ ഭീകരത വ്യക്തമാകുകയാണ്. റെയിൽവേ ക്രോസിങ്ങിൽ വാഹനം കുടുങ്ങിയാൽ ട്രെയിൻ വരുന്നതിന് മുമ്പ് സുരക്ഷിതമായി പാളത്തിൽ നിന്ന് പുറത്തുകടക്കേണ്ടതിന്റെ പ്രാധാന്യവും സംഭവം വീണ്ടും ഓർമിപ്പിക്കുന്നു. ട്രക്ക് പാളത്തിൽ കുടുങ്ങിയതും പിന്നാലെ ട്രെയിൻ ഇടിച്ചുകയറിയതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.







Comments