
തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യഹരിദാസുംകോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ കുറിച്ച് കെപിസിസി അന്വേഷിക്കും. ഇതിനായി കെപിസിസി ജനറൽ സെക്രട്ടറി രമണി പി നായർക്ക് ചുമതല നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ ചുമതല നിർവഹിച്ചത് രമണി പി നായരായിരുന്നു. ഞായറാഴ്ച തന്നെ ഇരു വിഭാഗങ്ങളെയും കേൾക്കുമെന്നാണ് സൂചന.
മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിൽ മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞതിനു പിന്നാലെയാണ് പാർട്ടിക്ക് ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവരുന്നത്. അതിനാൽ, പ്രശ്നം പെട്ടെന്ന് പരിഹരിക്കാനാവും പാർട്ടി ശ്രമം. സംഘർഷത്തിൽ ഇരു കൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസിൽ അറസ്റ്റും മറ്റു നടപടികളും ഉണ്ടാകുന്നതിനു മുമ്പ് തന്നെ പ്രശ്നം രമ്യമായി പരിഹരിക്കാനാവും കെപിസിസി താല്പര്യപ്പെടുക.
രമ്യാ ഹരിദാസിന്റെ പരാതിയിൽ എസ്.സി, എസ്.ടി വകുപ്പ് ഉൾപ്പെടെ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് തുടങ്ങി ഏഴു പേർക്കെതിരെയാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തത്. വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം.
തനിക്കെതിരായ മോശം പരാമർശം നിരന്തരമുണ്ടായപ്പോഴാണ് ചോദ്യം ചെയ്തതെന്നും സജിത്തിനെതിരായ തന്റെ പ്രതികരണം സ്വാഭാവികമാണെന്നും രമ്യ ഹരിദാസ് എംഎൽഎ പ്രതികരിച്ചിരുന്നു. എന്നാൽ, താൻ എംഎല്എയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും എംഎല്എ പ്രകോപിതയായി പ്രശ്നങ്ങള് ഉണ്ടാക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി സജിത് മുട്ടപ്പലം രംഗത്ത് വന്നു. പിഎ ചമഞ്ഞ് നടക്കുന്ന പാളയം പ്രദീപാണ് എല്ലാ വിഷയങ്ങൾക്കും തുടക്കമിട്ടതെന്നും സജിത് പറഞ്ഞു. വിഷയത്തിൽ കെപിസിസിക്ക് കടുത്ത അതൃപ്തിയുണ്ട്. തർക്കത്തിനിടെ ആദ്യം അടിച്ചത് ഞാൻ തന്നെയെന്ന് രമ്യ ഹരിദാസ് സമ്മതിച്ചിരുന്നു.







Comments