
പാരിസ്: ഹിന്ദു മതസംഘത്തിന്റെ സന്ദർശനത്തിനിടയിൽ വനിതാ ജീവനക്കാരെ സ്ഥലത്തുനിന്ന് 'മാറ്റിനിർത്തുകയും' ഒഴിവാക്കുകയും ചെയ്തുവെന്നാരോപിച്ച് പാരിസിലെ ഈഫൽ ടവറിലെ ജീവനക്കാർ പണിമുടക്കി. പാരീസ് പ്രാന്തപ്രദേശത്ത് ഒരു പുതിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫ്രാൻസിലെത്തിയ ബിഎപിഎസ് (BAPS - Bochasanwasi Akshar Purushottam Swaminarayan Sanstha) എന്ന സംഘടനയുമായി ബന്ധപ്പെട്ട ഏകദേശം 100 പേർ അടങ്ങിയ സംഘത്തിന്റെ സ്വകാര്യ സന്ദർശനത്തെ തുടർന്നാണ് ഈ തർക്കം ഉടലെടുത്തത്.
ഹിന്ദു സംഘത്തിന്റെ സന്ദർശന വേളയിൽ "ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്താനും, പകരം ആളുകളെ വെക്കാനും ഇടയാക്കിയ പ്രൊഫഷണൽ നിർദ്ദേശങ്ങളെ" ഈഫൽ ടവർ ജീവനക്കാർ ഒരു പ്രസ്താവനയിലൂടെ അപലപിച്ചു. "സ്ത്രീകളുമായുള്ള ആശയവിനിമയം പരിമിതപ്പെടുത്തുന്ന രീതിയിൽ" സന്ദർശനം ക്രമീകരിക്കണമെന്ന് ഹിന്ദു പ്രതിനിധി സംഘം ആവശ്യപ്പെട്ടിരുന്നു എന്ന് പാരിസിലെ ഈ സ്മാരകം നോക്കിനടത്തുന്ന കമ്പനിയായ എസ്ഇടിഇ (SETE) സ്ഥിരീകരിച്ചു. എന്നാൽ "ഈ വ്യവസ്ഥകൾ അംഗീകരിക്കാൻ പാടില്ലായിരുന്നു" എന്ന് കമ്പനി വ്യക്തമാക്കി. ഈ വ്യവസ്ഥകൾ "കമ്പനിയുടെ മൂല്യങ്ങൾക്കോ, സ്ത്രീ- പുരുഷ സമത്വ തത്വങ്ങൾക്കോ നിരക്കുന്നതല്ലായിരുന്നു" എന്ന് കമ്പനി അറിയിക്കുകയും ഇതിന്റെ "പ്രത്യാഘാതങ്ങൾ" ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
അതേസമയം, തൊഴിലാളികളുടെ ആശങ്കകളെ മാനിക്കുന്നതായും അവ ഗൗരവമായി കാണുന്നതായും ഹൈന്ദവ സംഘം വ്യക്തമാക്കി. സംഘത്തിന്റെ വലിപ്പം കാരണം, മറ്റ് സന്ദർശകർക്ക് പരമാവധി ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി സാധാരണ പ്രവർത്തന സമയത്തിന്റെ തുടക്കത്തിലാണ് ഈഫൽ ടവർ അധികൃതരുമായി ചേർന്ന് സന്ദർശനം ക്രമീകരിച്ചത്. ഈഫൽ ടവറിലേക്കുള്ള പ്രവേശനം ആർക്കും നിഷേധിച്ചിട്ടില്ല എന്നാണ് അറിവെന്നും സംഘത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
എന്നിരുന്നാലും, ഈ സാഹചര്യം കാരണം ആർക്കെങ്കിലും ബുദ്ധിമുട്ടോ വിഷമമോ തോന്നിയിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു എന്നും ഹൈന്ദവ സംഘം വ്യക്തമാക്കി.







Comments