
ചെറിയ കാര്യങ്ങള്ക്ക് പെട്ടെന്ന് ദേഷ്യം വരുന്നത് പല പ്രശ്നങ്ങള്ക്കും കാരണമാകാറുണ്ട്. സാഹചര്യം മനസ്സിലാക്കിയാല് പോലും, ചെറിയ പ്രശ്നങ്ങളില് പോലും പലര്ക്കും മനസ്സാന്നിധ്യം നിലനിര്ത്താന് സാധിക്കാറില്ല. ദേഷ്യം നിയന്ത്രിക്കാന് സഹായിക്കുന്ന അഞ്ച് വഴികള് അറിയാം.
1. മുഖം തണുപ്പിക്കുക - നിങ്ങള്ക്ക് കഠിനമായ ദേഷ്യം വരുമ്പോള്, വാഷ്റൂമില് പോയി മുഖത്ത് കുറച്ച് തണുത്ത വെള്ളം ഒഴിക്കുക, അല്ലെങ്കില് കവിളില് തണുപ്പുള്ള എന്തെങ്കിലും കുറച്ചുസമയം വെക്കുക. മുഖം തണുപ്പിക്കുന്നത് ശരീരത്തിലെ പാരാസിംപതെറ്റിക് വ്യവസ്ഥയെ (Parasympathetic response) ഉത്തേജിപ്പിക്കുകയും ഹൃദയമിടിപ്പ് കുറയ്ക്കാന് സഹായിക്കുകയും ചെയ്യും. ഒരു സംഭവത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കുന്നതിന് മുന്പ് മനസ്സിനും ശരീരത്തിനും ശാന്തമാകാന് ഇത് അവസരം നല്കുന്നു.
2. മറ്റുള്ളവരെക്കുറിച്ച് തെറ്റായി ചിന്തിക്കുന്നത് നിര്ത്തുക - മറ്റൊരാളുടെ പെരുമാറ്റം മനഃപൂര്വ്വം നിങ്ങളെ അവഹേളിക്കുന്നതാണെന്നോ അല്ലെങ്കില് ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നോ കരുതുമ്പോള് ദേഷ്യം ഇരട്ടിക്കുന്നു. 'അതുകൊണ്ട്, 'ഈ വ്യക്തി വളരെ സ്വാര്ത്ഥനാണ്' എന്ന് തീരുമാനിക്കുന്നതിന് മുന്പ്, അവര് ചെയ്തതിന് പിന്നില് മറ്റെന്തെങ്കിലും കാരണമുണ്ടാകുമോ എന്ന് സ്വയം ചോദിക്കുക. ചിലപ്പോള് അവര് നിങ്ങളെ കണ്ടിട്ടുണ്ടാകില്ല, അല്ലെങ്കില് അതൊരു സാധാരണ തെറ്റായിരിക്കാം.' തീര്ച്ചയായും, ഇതിനര്ത്ഥം ഉപദ്രവകരമായ പെരുമാറ്റങ്ങളെയോ സ്ഥിരമായ മോശം രീതികളെയോ അവഗണിക്കുക എന്നല്ല. സത്യമാണോ എന്ന് ഉറപ്പില്ലാത്ത കഥകള് മനസ്സില് ഉണ്ടാക്കി ദേഷ്യം വദ്ധിപ്പിക്കാതിരിക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യം.
3. ദേഷ്യത്തിന് ഒരു സമയപരിധി നിശ്ചയിക്കുക - ഏതെങ്കിലും കാര്യം നിങ്ങളെ അസ്വസ്ഥനാക്കുന്നുവെങ്കില്, അതിനെക്കുറിച്ച് ചിന്തിക്കാനോ എഴുതിവെക്കാനോ 5 മുതല് 10 മിനിറ്റ് വരെ സമയം നല്കുക. അതിനുശേഷം ശ്രദ്ധ മനഃപൂര്വ്വം മറ്റൊന്നിലേക്ക് മാറ്റുക. ഒരേ കാര്യം തന്നെ മനസ്സില് വീണ്ടും വീണ്ടും ആലോചിച്ചുകൊണ്ടിരിക്കുന്നത് ദേഷ്യം അടങ്ങാതെ നിലനില്ക്കാന് കാരണമാകും. മറ്റൊരു രീതിയില് പറഞ്ഞാല്, ആ വിഷമകരമായ സാഹചര്യത്തെക്കുറിച്ച് ദിവസം മുഴുവന് ചിന്തിച്ച് സമയം കളയാതെ, ആ വികാരത്തിന് കുറച്ചു സമയം മാത്രം നല്കി അതിനെ വിട്ടുകളയുക.
4. പ്രതികരിക്കുന്നതിന് മുന്പ് ശരീരത്തെ ശാന്തമാക്കുക - ഒരു മിനിറ്റെടുത്ത് സാവധാനം ശ്വാസമെടുക്കുക. 4 സെക്കന്ഡ് കൊണ്ട് ശ്വാസം ഉള്ളിലേക്ക് എടുക്കാനും, 6 സെക്കന്ഡ് കൊണ്ട് ശ്വാസം പുറത്തുവിടാനും ശ്രമിക്കുക. ദേഷ്യം കടുപ്പത്തില് പുറത്തു കാണിക്കുന്നതിനേക്കാള്, ശരീരത്തിന്റെ അസ്വസ്ഥത കുറയ്ക്കുന്ന മാര്ഗ്ഗങ്ങളാണ് കൂടുതല് ഫലപ്രദമെന്ന് ഗവേഷണങ്ങള് വ്യക്തമാക്കുന്നു. അതുകൊണ്ട് ആദ്യം ശരീരത്തെ ശാന്തമാക്കുക, അതിനുശേഷം യഥാര്ത്ഥത്തില് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുക.
5. അടിസ്ഥാനപരമായ കാര്യങ്ങളില് ശ്രദ്ധിക്കുക - നിങ്ങള് ശാരീരികമായി വളരെ തളര്ന്നിരിക്കുമ്പോള്, നിസ്സാര കാര്യങ്ങള്ക്ക് പോലും ദേഷ്യം വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് നല്ല ഉറക്കം ഉറപ്പുവരുത്തുക, വ്യായാമം ചെയ്യുക, ആവശ്യത്തിന് വെയില് കൊള്ളുക. നിങ്ങള് എത്രത്തോളം തളര്ന്നിരിക്കുന്നുവോ, അത്രത്തോളം ചെറിയ അസ്വസ്ഥതകളോട് പോലും ശാന്തമായി പ്രതികരിക്കാന് ബുദ്ധിമുട്ടായിരിക്കും. ഈ അടിസ്ഥാന കാര്യങ്ങള് ശരിയായി ചെയ്താല്, ചെറിയ പ്രശ്നങ്ങള്ക്ക് നിങ്ങളുടെ സംസാരത്തെയോ പ്രവൃത്തികളെയോ സ്വാധീനിക്കാന് കഴിയില്ല.







Comments