
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ കവാടത്തിൽ വെച്ച് യുഎസ് സൈന്യത്തിന്റെ ഏറ്റവും ആധുനികവും സ്മാർട്ടുമായ ആളില്ലാ അന്തർവാഹിനികളിലൊന്ന് പിടികൂടിയതായി ഇറാൻ നാവികസേന അവകാശപ്പെട്ടു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഔദ്യോഗിക വാർത്താ മാധ്യമമായ സെപഹ് ന്യൂസ് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, ഡൈവ്-എൽഡി (Dive-LD) എന്ന് തിരിച്ചറിഞ്ഞ ആളില്ലാ അന്തർവാഹിനി സങ്കീർണ്ണമായ രഹസ്യാന്വേഷണ പ്രവർത്തനത്തിലൂടെയാണ് പിടിച്ചെടുത്തതെന്ന് ഇറാൻ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ആധുനിക സബ്സർഫേസ് വെഹിക്കിൾ സാങ്കേതികവിദ്യയൊടുകൂടിയതാണ് ഈ സബ്മെർസിബിൾ വാഹനമെന്ന് അവർ അവകാശപ്പെടുകയും പിടിച്ചെടുത്ത വാഹനത്തിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന എംക്യു-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായും ഐആർജിസി മറ്റൊരു പ്രസ്താവനയിൽ അവകാശപ്പെട്ടു. അതിനിടെ, "ആക്രമണകാരികൾ" പൂർണ്ണമായും ഖേദിക്കുന്നതുവരെ രാജ്യം ശക്തിയോടെ പ്രതിരോധം തുടരുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
ഡൈവ്-എൽഡിക്ക് ബേസിലേക്ക് മടങ്ങാതെ 10 ദിവസം വരെ പ്രവർത്തിക്കാൻ കഴിയും. ഇത് 6,000 മീറ്റർ (19,700 അടി) വരെ ആഴത്തിലേക്ക് മുങ്ങാൻ ശേഷിയുള്ളതാണ്. 2024-ൽ ഡിഫൻസ് സ്കൂപ്പ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഓരോ ഡൈവ്-എൽഡി യൂണിറ്റിനും ഏകദേശം 2.5 ദശലക്ഷം ഡോളർ വിലവരും.
ഐആർജിസിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎസ് സൈന്യവും ഒരു പ്രസ്താവന പുറത്തിറക്കി. തങ്ങളുടെ ഒരു അണ്ടർവാട്ടർ ഡ്രോൺ ഒരു ദിവസത്തിന് മുമ്പ് പ്രാദേശിക ജലാശയങ്ങളിൽ സർവേ നടത്തുന്നതിനിടെ "തകരാറിലായതായി" എന്ന് സൈന്യം അറിയിച്ചു. എന്നാൽ ഇത് ഇറാൻ പിടിച്ചെടുത്ത ഉപകരണം തന്നെയാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇത് പ്രാദേശിക ജലാശയങ്ങളിൽ സർവേ നടത്തുകയായിരുന്നു. തകരാറിലായ ഡ്രോൺ ഒരു പഴയ മോഡലാണ്. അത് സെൻസിറ്റീവ് വിവരങ്ങളോ ക്ലാസിഫൈഡ് സോണാർ, റഡാർ ഉപകരണങ്ങളോ ശേഖരിച്ചിരുന്നില്ല എന്നും പെന്റഗൺ വക്താവ് പറഞ്ഞു.
യുഎസ് യുദ്ധക്കപ്പലിന് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തങ്ങളുടെ സൈന്യം തകർത്തതായി യു.എസ് സെൻട്രൽ കമാൻഡും അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ യുദ്ധക്കപ്പലിനെതിരെ ബാലസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ നടത്തിയ രണ്ട് ശ്രമങ്ങൾക്കുള്ള മറുപടിയായാണ് യു.എസ് ആക്രമണം നടത്തിയതെന്ന് സെൻട്രൽ കമാൻഡ് സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.







Comments