
മുംബൈ: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പേസ് ബൗളർ ജസ്പ്രീത് ബുംറ ഇന്ത്യൻ ജെഴ്സിയിൽ തിരിച്ചെത്തുന്നു. അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പരയിലും ഏഷ്യൻ ഗെയിംസിലും ബുംറ കളിക്കും. പരിക്കിനെ തുടർന്ന് പേസ് ബൗളർ ഹർഷിത് റാണ ടീമിൽ നിന്ന് പുറത്തായതോടെ വിദർഭയുടെ പേസർ യഷ് ഠാക്കൂറിനെ പകരക്കാരനായി ഉൾപ്പെടുത്തി.
അർഷ്ദീപ് സിങ്ങിനും യഷ് ഠാക്കൂറിനുമൊപ്പമുള്ള ഇന്ത്യൻ പേസ് നിരയിലാകും ബുംറയുടെ സാന്നിധ്യം. ഇരു ടൂർണമെന്റുകളിലും ശ്രേയസ് അയ്യർ ക്യാപ്റ്റനും തിലക് വർമ്മ വൈസ് ക്യാപ്റ്റനുമായിരിക്കും.
ബുംറ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ എന്നിവർ കായികക്ഷമത തെളിയിക്കണമെന്ന നിബന്ധനയോടെയാണ് ടീമിൽ ഇടം നേടിയത്. ഇതിൽ ഹർഷിത് റാണ ഒഴികെയുള്ളവർ ഫിറ്റ്നസ് തെളിയിച്ചതായാണ് റിപ്പോർട്ട്.
ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഫോർ എക്സലൻസിൽ പരിശീലനത്തിനിടെയാണ് ഹർഷിതിന് വീണ്ടും പരിക്കേറ്റത്. പരിക്കിന്റെ ഗൗരവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഹർഷിതിന് പകരമെത്തിയ 27കാരനായ യഷ് ഠാക്കൂർ സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. രണ്ട് മത്സരങ്ങളിൽ നാല് വിക്കറ്റ് നേടിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 50 മത്സരങ്ങളിൽ നിന്ന് 7.04 ഇക്കോണമി റേറ്റിൽ 81 വിക്കറ്റുകളും യഷ് ഠാക്കൂർ സ്വന്തമാക്കിയിട്ടുണ്ട്.







Comments