
ഹുക്കയെന്ന് കേൾക്കുമ്പോൾ പുക വലിക്കുന്നതും ആരോഗ്യപ്രശ്നങ്ങളുമാണ് സാധാരണ ഓർമ വരുന്നത്. എന്നാൽ ഹുക്കയ്ക്ക് ‘ആയുർവേദിക്’ രൂപം നൽകി പുതിയൊരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് യോഗഗുരു ബാബാ രാംദേവ്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയും പരിഹാസവുമായി നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്.
തമ്പാകുവിന് പകരം വിവിധ ഔഷധ-പരമ്പരാഗത ചേരുവകൾ ഉപയോഗിച്ചാണ് രാംദേവ് ആയുർവേദിക് ഹുക്ക തയ്യാറാക്കുന്നത്. മുളേത്തി, മഞ്ഞൾ, കടുക്, പശുവിൻ നെയ്യ്, കാക്ര സിംഗി, ദേശി കർപ്പൂരം എന്നിവയാണ് വീഡിയോയിൽ പറയുന്ന ചേരുവകൾ. ഇവ പ്രത്യേക രീതിയിൽ തയ്യാറാക്കി ഹുക്ക പോലുള്ള സംവിധാനത്തിലൂടെ ഉപയോഗിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
ഇതിന്റെ പുക ശ്വസിക്കുന്നത് മൂക്കടപ്പ് മാറാനും ചുമയ്ക്ക് ആശ്വാസം നൽകാനും സഹായിക്കുമെന്നാണ് ബാബാ രാംദേവിന്റെ അവകാശവാദം. ആയുർവേദത്തിലെ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുമായും അദ്ദേഹം ഇതിനെ ബന്ധിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരം പുക ശ്വസിക്കുന്നത് ചികിത്സയായി സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കുന്ന ശക്തമായ ശാസ്ത്രീയ തെളിവുകൾ നിലവിലില്ലെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
വീഡിയോ വൈറലായതോടെ ‘ഇനി ഇതും ബാക്കി’ എന്ന തരത്തിലുള്ള പരിഹാസ പ്രതികരണങ്ങളാണ് പലരും പങ്കുവെച്ചത്. പുക ശ്വസിക്കുന്നതിലൂടെ കാർബൺ മോണോക്സൈഡ് ഉൾപ്പെടെയുള്ള ദോഷകരമായ വസ്തുക്കൾ ശ്വാസകോശത്തിലെത്താമെന്ന ആശങ്കയും ചിലർ ഉന്നയിച്ചു. അതേസമയം, സാധാരണ ഹുക്കയെയും ഇ-സിഗരറ്റിനെയും അപേക്ഷിച്ച് വ്യത്യസ്തമായ രീതിയാണിതെന്നാണ് വീഡിയോയിൽ പറയുന്നത്.







Comments