
ബെംഗളൂരു: ജയിലിൽ കഴിയുന്ന മുൻ ജനതാദൾ (സെക്കുലർ) എംപിയായ പ്രജ്വൽ രേവണ്ണയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിലും മറ്റ് ഉപകരണങ്ങളിലും നടത്തിയ ഫോറൻസിക് പരിശോധനയിൽ ഡസൻ കണക്കിന് അശ്ലീല വീഡിയോകൾ കണ്ടെത്തി.
കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് തടവറയ്ക്കുള്ളിൽ പ്രജ്വൽ രേവണ്ണ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടെത്തിയത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടിയും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരീപുത്രനുമായ പ്രജ്വൽ രേവണ്ണ, ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. ബെംഗളൂരു അഗ്രഹാര സെൻട്രൽ ജയിലിലാണ് അദ്ദേഹം കഴിയുന്നത്.
ആഗസ്റ്റ് 11-നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയ്ക്കിടയിൽ പ്രജ്വൽ രേവണ്ണ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. അദ്ദേഹം കഴിഞ്ഞിരുന്ന അതിസുരക്ഷാ ബാരക്കിൽ നിന്ന് ഉദ്യോഗസ്ഥർ ഒരു ചാർജറും പെൻഡ്രൈവും നോട്ട്ബുക്കും പിടിച്ചെടുത്തിരുന്നു. തുടർന്ന് പിടിച്ചെടുത്ത ഫോണും പെൻഡ്രൈവും ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഫോണിൽ നിന്ന് അശ്ലീല വീഡിയോകളും പെൻഡ്രൈവിൽ നിന്ന് വെബ് സീരീസുകളുമാണ് കണ്ടെത്തിയത്.
ബെംഗളൂരു സെൻട്രൽ ജയിലിൽ 'വിഐപി' തടവുകാർക്ക് ലഭിക്കുന്ന പ്രത്യേകാനുകൂല്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വീണ്ടും വഴിവെച്ചിട്ടുണ്ട്. മുൻപ് വീട്ടുജോലിക്കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും ആ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിലുമാണ് പ്രജ്വൽ രേവണ്ണ ശിക്ഷിക്കപ്പെട്ടത്. ഫോൺ പിടിച്ചെടുത്തതിനെ തുടർന്ന് അധികൃതർ ഒരു ജയിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ജയിലുകൾക്കുള്ളിൽ വ്യക്തിഗത മൊബൈൽ ഫോണുകൾക്കും സിം കാർഡുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കർശന വിലക്കുണ്ട്.







Comments