
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിരവധിയാളുകള് തങ്ങളുടെ പ്രതിഷേധവുമായി സോഷ്യല് മീഡിയയിലൂടെ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയുമെല്ലാം ട്രോളിക്കൊണ്ട് നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സൈബറിടത്ത് വൈറലാകുന്നുമുണ്ട്. ‘പൂക്കി കട്ട്’, ‘ഇന്ദിര കട്ട്’ എന്നു വിശേഷിപ്പിച്ച് വൈദ്യുതി നിയന്ത്രണത്തെ പരിഹസിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ് വീഡിയോകളടക്കം ഓൺലൈനിൽ ശ്രദ്ധ നേടുന്നുണ്ട്.
ഇതിനിടെ രജനികാന്ത് ചിത്രം ജെയ്ലര് 2 വിലെ ഷംന കാസിമും സംഘവും ആടിത്തിമിർത്ത ‘അല ബോലേ’ ഗാനവും അതിന് മുഖ്യമന്ത്രി വി.ഡി.സതീശന്റെ തകർപ്പൻ എഐ ഡാന്സ് വീഡിയോയും സോഷ്യല് മീഡിയയില് വൈറല് തരംഗമായി മാറുകയാണ്. മുഖ്യമന്ത്രിയുടെയും കെ.എസ്.ഇ.ബി. സംഘത്തിന്റെയും കൃത്രിമാവിഷ്കാരമായിരുന്നു ഈ വീഡിയോ.
ഇപ്പോഴിതാ ഇക്കാര്യത്തിലുള്ള തന്റെ പ്രതികരണം പങ്കിടുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്. താന് മോഹന്ലാലിനേക്കാളും തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെക്കാളും നന്നായി നൃത്തം ചെയ്തെന്നും ഞെട്ടിപ്പോയെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. വീഡിയോ വൈറലായെങ്കിലും അതിന്റെ നിയമവശങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും മുഖ്യമന്ത്രി പറയുന്നുണ്ട്.
‘‘കൃത്രിമ ബുദ്ധിയിപ്പോൾ സംഗീതവും നൃത്തവും ഉൾപ്പെടെ എല്ലാം നിർമിക്കുന്നു. നിയമത്തിൽ എങ്ങനെ പുത്തൻ നിർമിതികളെ നിർവചിക്കാനാകും? ഇന്ന് സോഷ്യൽ മീഡിയയിൽ മറ്റൊരു രസകരമായ സംഭവമുണ്ടായി. ഞാൻ ഒരു ഗ്രൂപ്പ് ഡാൻസിന് നേതൃത്വം നൽകുന്നു. ഞാൻ മോഹന്ലാലിനേക്കാളും എന്റെ സുഹൃത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെക്കാളും നന്നായി നൃത്തം ചെയ്യുന്നു. നിങ്ങൾ ഒന്ന് കാണണം. ഞാൻ ഞെട്ടിപ്പോയി. അവർ അങ്ങനെയാണ് സൃഷ്ടികൾ പുറത്തുവിടുന്നത്. നിയമം കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നു. നൂതന സാങ്കേതികതയുടെ ഇടപെടലിനെ തുടർന്ന്, നിയമത്തിന്റെ ചട്ടക്കൂടിലും വലിയ മാറ്റങ്ങൾ വന്നേക്കും. പകർപ്പവകാശം, ഭൗതിക സ്വത്തിന്മേലുള്ള അവകാശം, പൈറസി തുടങ്ങി എല്ലാത്തിലും മാറ്റങ്ങൾ വരണം. ഭാവി സാങ്കേതികവിദ്യ അത്തരത്തിൽ ഉരുത്തിരിഞ്ഞു വരികയാണ്...’’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മഴയുടെ അഭാവത്തിൽ ചൂടുകൂടുകയും തുടർന്നുണ്ടായ അമിതമായ വൈദ്യുതി ഉപഭോഗവും കണക്കിലെടുത്തും വൈദ്യുതി ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്ത് രാത്രികാലങ്ങളിൽ പവർകട്ട് ഏർപ്പെടുത്തിട്ടുണ്ട്. പലരും ഈ പുതിയ മാറ്റത്തിനെതിരെ പ്രതിഷേധം കുറിക്കുന്നുണ്ട്. അതിന്റെ സൂചകം കൂടിയാണ് മുഖ്യമന്ത്രിയുടെ മുഖം കൃതൃമമായി ചേർത്തുപിടിപ്പിച്ച ഈ വീഡിയോ. ഇതില് മുഖ്യമന്ത്രി കെഎസ്ഇബി തൊഴിലാളികൾക്കൊപ്പം സംഘനൃത്തം ചെയ്യുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്.







Comments