
കരിയറിന്റെ ആദ്യ ഘട്ടത്തില് കോമഡി റോളുകളിലൂടെ കൈയടി നേടിയ ശേഷം ക്യാരക്ടര് വില്ലന് റോളുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില് ഇടം പിടിച്ച താരമാണ് അജു വര്ഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില് അരങ്ങേറ്റം കുറിച്ച താരം ഇന്ന് സഹനടനായും കോമഡി താരമായും നടനായും വില്ലനായുമൊക്കെ മലയാള സിനിമയില് നിറഞ്ഞു നില്ക്കുകയാണ്.
നിവിന്, വിനീത് ശ്രീനിവാസന് എന്നിങ്ങനെയുള്ള വലിയൊരു സൗഹൃദവലയവും അജുവിന് മലയാളസിനിമയിലുണ്ട്. അതുകൊണ്ടു തന്നെ ഓണ്സ്ക്രീനിലും ഇവരുടെ കോമ്പോ പ്രേക്ഷകര് ഏറെയിഷ്ടപ്പെടുന്നതാണ്. വർഷങ്ങൾക്ക് ശേഷം പഴയ നിവിൻ പോളി ആരാധകര് കണ്ട ചിത്രമായിരുന്നു അഖിൽ സത്യൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘സർവം മായ’. ബ്ലോക്ക്ബസ്റ്റര് ഹിറ്റായി മാറിയ ഈ ചിത്രത്തില് നിവിനൊപ്പം സിനിമയിലുടനീളം അജു വര്ഗീസുമുണ്ടായിരുന്നു.
ഇപ്പോഴിതാ ഈ സിനിമയ്ക്ക് സൈമ അവാര്ഡ് നല്കുന്ന പുരസ്കാരത്തിന്റെ സന്തോഷം പങ്കിടുകയാണ് അജു വര്ഗീസ്. ‘സർവം മായ’യിൽ നായകനായ നിവിൻ പോളി, സംവിധായകൻ അഖിൽ സത്യൻ, നായിക റിയ ഷിബു, ഗായിക ശക്തി ശ്രീ ഗോപാലൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് അജു പങ്കുവെച്ചത്. സൈമ അവാർഡ്സിൽ വിവിധ വിഭാഗങ്ങളിലായി ഇവർക്ക് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. പുരസ്കാരം ഏറ്റുവാങ്ങിയശേഷം സമ്മാനിക്കപ്പെട്ട ശിൽപങ്ങളുമായി അഞ്ചുപേരും ഒന്നിച്ചു നില്ക്കുന്നതാണ് ചിത്രം.
‘‘ഒരു ദിവസം വരും...ഒരു പരിപാടി വരും...ഒരു ഫ്രൈഡേ വരും...നിറുത്തി പോകാതെ ഇരുന്നാൽ മതി...’’ എന്ന ക്യാപ്ഷന് നല്കിയാണ് സര്വം മായ ടീമിനൊപ്പം സൈമ അവാര്ഡ് നേടിയ സന്തോഷം അജു വര്ഗീസ് പങ്കിട്ടിരിക്കുന്നത്. നിവിൻ പോളി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ കുറിച്ചാണ് അജു പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. ‘സർവം മായ’യുടെ വിജയത്തിന് പിന്നാലെ നിവിൻ ജീവിതത്തെയും കരിയറിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് അജു വർഗീസ് പങ്കിട്ടത്. നേരത്തെ സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ അക്കാലത്തെ എങ്ങനെ മറികടന്നു എന്ന ചോദ്യത്തോട് മറുപടി പറയവെയാണ് നിവിൻ ഇതു പറഞ്ഞത്. സർവം മായ ടീമിനൊപ്പമുള്ള ഫോട്ടോയുടെ ക്യാപ്ഷനായാണ് അജു നിവിന്റെ വാക്കുകള് കുറിച്ചത്.
‘‘സിനിമകൾ തുടർച്ചയായി പരാജയപ്പെടുമ്പോഴും ഉള്ളിൽ അറിയാമായിരുന്നു, ഒരു ദിവസം വരും. ഒരു പരിപാടി വരും. ഒരു ഫ്രൈഡേ വരും. നമ്മൾ നിർത്തിപ്പോകാതിരുന്നാൽ മതി. കൃത്യസമയത്ത് ദൈവം അതു കൊണ്ടുതരും’, എന്നായിരുന്നു നിവിന്റെ വാക്കുകൾ. ‘നാണം കെട്ടാണെങ്കിലും ശ്രമിച്ചുകൊണ്ടിരിക്കുക. ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല. തോറ്റാലും ശ്രമിക്കുക...’’ എന്നാണ് നിവിന്റെ വാക്കുകള്ക്കൊപ്പം അജു കൂട്ടിച്ചേര്ത്തത്.







Comments