
ഫുട്ബോൾ മൈതാനത്ത് താരമായി ഒരു കാട്ടാന എത്തിയതോടെ അസമിലെ നുമാലിഗഢിൽ കൗതുകക്കാഴ്ച. ഗോലാഘട്ട് ജില്ലയിലെ ബോഗിധാല മേഖലയിലാണ് ആന ഫുട്ബോൾ കളിക്കുന്ന അപൂർവ ദൃശ്യം നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പച്ചപ്പുനിറഞ്ഞ മൈതാനത്ത് ആന പന്തുമായി കളിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാകുന്നത്.
മൈതാനത്തുകൂടി നടന്നുനീങ്ങിയ ആന തുമ്പിക്കൈയും കാലുകളും ഉപയോഗിച്ച് ഫുട്ബോൾ തട്ടിക്കളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പന്ത് മുന്നിലേക്ക് നീക്കിയും പിന്നാലെ അതിന് പിന്നാലെ നടന്നും ആന കളി തുടരുകയായിരുന്നു. അപ്രതീക്ഷിതമായി കാട്ടാനയെ ഇത്തരത്തിൽ ഫുട്ബോൾ കളിക്കുന്ന നിലയിൽ കണ്ടത് സമീപത്തുണ്ടായിരുന്നവർക്ക് കൗതുകമായി.
ആനയുടെ പന്തുകളിയും മികച്ച ഏകോപനവും കാഴ്ചക്കാരെ ഏറെ ആകർഷിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും വലിയ ശ്രദ്ധ നേടി. കാട്ടാനയുടെ രസകരമായ ഈ ഫുട്ബോൾ പ്രകടനം കാഴ്ചക്കാരിൽ ചിരിയും അത്ഭുതവും ഒരുപോലെ സൃഷ്ടിച്ചിരിക്കുകയാണ്.







Comments