
യാത്രയ്ക്കിടെ പല രാജ്യങ്ങളിലെയും ഭക്ഷണം പരീക്ഷിക്കുന്ന അമേരിക്കൻ വ്ലോഗറുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജർമനി മുതൽ അമേരിക്ക വരെ പല രാജ്യങ്ങളിൽ ഭക്ഷ്യവിഷബാധ നേരിട്ടിട്ടുണ്ടെന്ന് പറയുന്ന ജേക്ക് ബ്രെയ്മില്ലർ, ഇന്ത്യയിൽ എത്തിയപ്പോൾ മാത്രം തനിക്ക് അസുഖമൊന്നും ഉണ്ടായില്ലെന്നാണ് പറയുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഭക്ഷണം കഴിച്ച് അസുഖം ബാധിച്ച രാജ്യങ്ങളുടെ പട്ടിക ജേക്ക് വെളിപ്പെടുത്തിയത്. ജർമനി, മെക്സിക്കോ, കൊളംബിയ, ഹോണ്ടുറാസ്, ചൈന, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, അമേരിക്ക എന്നിവയാണ് പട്ടികയിലുള്ളത്. എന്നാൽ ഇവയിൽ പല സംഭവങ്ങളും തന്റെ തന്നെ പിഴവായിരിക്കാമെന്നും ജേക്ക് കുറിച്ചു.
വീഡിയോയിൽ വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന ദൃശ്യവും ജേക്ക് ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ യാത്ര ചെയ്തപ്പോൾ ഭക്ഷണം കഴിച്ച് അസുഖം ബാധിച്ചോ എന്ന് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് ചോദിച്ചപ്പോൾ, ‘ഇന്ത്യയിൽ എനിക്ക് അസുഖം വന്നില്ല’ എന്നായിരുന്നു ജേക്കിന്റെ മറുപടി. വാഴയിലയിലെ ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘മികച്ച ഭക്ഷണം’ എന്നും അദ്ദേഹം പ്രതികരിച്ചു.
ജേക്കിന്റെ അനുഭവത്തിന് പിന്നാലെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി എത്തിയത്. അമേരിക്കയിൽ എത്തിയ ശേഷം ചില ഭക്ഷണങ്ങളോട് അസഹിഷ്ണുത ഉണ്ടായെന്നും, ഇന്ത്യയിൽ വളർന്നപ്പോൾ അവയൊന്നും പ്രശ്നമായിരുന്നില്ലെന്നും ഒരാൾ കുറിച്ചു. യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ നേരിട്ട അനുഭവങ്ങൾ പങ്കുവച്ചവരും ഉണ്ടായിരുന്നു. യാത്രാ വ്ലോഗറായ ജേക്ക് മൂന്ന് വർഷം ചൈനയിലും ഒരു വർഷം ചെക്ക് റിപ്പബ്ലിക്കിലും താമസിച്ചിട്ടുണ്ടെന്നും ലോകം ചുറ്റി യാത്രാനുഭവങ്ങൾ പങ്കുവയ്ക്കുന്നതായും തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കിയിട്ടുണ്ട്.







Comments