
ദുബായ്: പാസ്പോർട്ട് പുതുക്കാൻ എത്രസമയം വേണം, ദിവസങ്ങൾ അല്ലെങ്കിൽ മണിക്കൂറുകൾ വേണം എന്നായിരിക്കും മറുപടി. എന്നാൽ, ഇക്കാര്യത്തിൽ നിങ്ങളുടെ വിശ്വാസങ്ങൾ പാടേ മാറ്റിമറിക്കുന്നതാണ് ദുബായ് അന്താരാഷ്ട വിമാനത്താവളത്തിൽ നടന്ന ഒരു പാസ്പോർട്ട് പുതുക്കൽ. തന്റെ അന്താരാഷ്ട്ര യാത്രയ്ക്ക് തൊട്ടുമുമ്പ് പാസ്പോർട്ടിന് ആവശ്യമായ കാലാവധിയില്ലെന്ന് മനസ്സിലാക്കിയ ഒരു യുഎഇ യാത്രക്കാരൻ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസ്പോർട്ട് പുതുക്കൽ കേന്ദ്രത്തിൽ വെച്ച് വെറും എട്ട് മിനിറ്റിനുള്ളിൽ പാസ്പോർട്ട് പുതുക്കി യാത്ര മുടങ്ങാതെ കാത്തു!
റെക്കോർഡ് സമയത്തിൽ പാസ്പോർട്ട് പുതുക്കിയ എമിറാത്തിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. താൻ യാത്ര പോകുന്ന രാജ്യത്തെ നിയമപ്രകാരം പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധിയുണ്ടാകണം. എന്നാൽ അദ്ദേഹത്തിന്റെ പാസ്പോർട്ടിന് ഏകദേശം ഒരു മാസം മാത്രമാണ് കാലാവധി ബാക്കിയുണ്ടായിരുന്നത്. യാത്ര റദ്ദാക്കുന്നതിന് പകരം അദ്ദേഹം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസ്പോർട്ട് പുതുക്കൽ സൗകര്യം ഉപയോഗപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. അത് വൈറൽ ആകുകയും ചെയ്തു.
ഈ സേവനത്തിന്റെ വേഗത യാത്രക്കാരനെ ഏറെ അത്ഭുതപ്പെടുത്തി. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾക്ക് ഏകദേശം 10 മിനിറ്റ് എടുക്കുമെന്നാണ് അദ്ദേഹത്തോട് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ, വെറും എട്ട് മിനിറ്റിനുള്ളിൽ പാസ്പോർട്ട് പുതുക്കി നൽകിയതായി അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. യുഎഇ സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇ സർക്കാരിന്റെ ഇമ്മിഗ്രേഷൻ, സിറ്റിസൺഷിപ്പ് സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ സംവിധാനം വഴി, അർഹരായ എമിറാത്തി അപേക്ഷകർക്ക് പരമ്പരാഗതമായ കടലാസ് ജോലികളില്ലാതെ ഡിജിറ്റലായി വിവരങ്ങൾ പരിശോധിച്ച് പാസ്പോർട്ട് പുതുക്കാൻ സാധിക്കുന്നു. സ്മാർട്ട് ഗവൺമെന്റ് സംവിധാനങ്ങൾ വന്നതോടെ പാസ്പോർട്ട് പുതുക്കൽ നടപടികൾ മുമ്പ് 35 മിനിറ്റെടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ ഏഴോ എട്ടോ മിനിറ്റായി ചുരുങ്ങിയിട്ടുണ്ടെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഇക്കാര്യം മനസ്സിലുണ്ടാവണേ, വേഗത്തിലുള്ള പാസ്പോർട്ട് പുതുക്കൽ സേവനം യുഎഇ പൗരന്മാർക്ക് മാത്രമുള്ളതാണ്. ഇന്ത്യ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ യാത്രക്കാർക്ക് ദുബായ് വിമാനത്താവളത്തിലെ ഈ സൗകര്യം ഉപയോഗിച്ച് പാസ്പോർട്ട് പുതുക്കാൻ കഴിയില്ല.







Comments