
രാത്രിയിൽ സ്ത്രീകൾ നേരിടുന്ന അനുഭവം നേരിട്ടറിയാൻ സ്ത്രീയായി വേഷമിട്ട് ഡൽഹിയിലൂടെ സഞ്ചരിച്ച യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡൽഹി ആസ്ഥാനമായുള്ള കണ്ടന്റ് ക്രിയേറ്ററായ ബെജെയ്ന്റിൽ ആണ് വസ്ത്രവും മേക്കപ്പും ദുപ്പട്ടയും ഉപയോഗിച്ച് സ്ത്രീയുടെ രൂപത്തിലെത്തി സ്കൂട്ടിയുമായി നഗരത്തിലൂടെ സഞ്ചരിച്ചത്. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട പരീക്ഷണത്തിനിടെ തനിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളാണ് യുവാവ് വീഡിയോയിലൂടെ പങ്കുവെച്ചത്.
വീട്ടിൽനിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ ആളുകൾ തന്നെ നോക്കാൻ തുടങ്ങിയതായി യുവാവ് പറയുന്നു. പെട്രോൾ പമ്പിൽ നിർത്തിയപ്പോഴും ചുറ്റുമുണ്ടായിരുന്ന പുരുഷന്മാർ തന്നെ തുടർച്ചയായി നോക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. പിന്നീട് നഗരത്തിലൂടെ സ്കൂട്ടിയിൽ സഞ്ചരിക്കുന്നതിനിടെ ചിലർ പിന്തുടരുകയും അടുത്തെത്താൻ ശ്രമിക്കുകയും ചെയ്തതായി യുവാവ് പറഞ്ഞു.
രണ്ട് പേർ ആദ്യം തന്നെ നോക്കിയ ശേഷം സ്കൂട്ടിയെ പിന്തുടർന്നെന്നും മറ്റൊരാൾ യാത്രയ്ക്കിടെ അടുത്തെത്തി സംസാരിക്കാൻ ശ്രമിച്ചെന്നും യുവാവ് പറയുന്നു. ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ നിന്നുണ്ടായ അനുഭവവും തന്നെ ഭയപ്പെടുത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. രണ്ട് ഓട്ടോറിക്ഷകൾ തന്റെ സ്കൂട്ടിക്ക് മുന്നിലേക്ക് എത്തിയെന്നും സുഹൃത്തുക്കൾ വീഡിയോ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഒരാൾ പിന്മാറിയെന്നും മറ്റൊരാൾ കുറച്ചുദൂരം കൂടി തന്റെ നേരെ വാഹനം ഓടിച്ചുവന്ന ശേഷം പോയെന്നും യുവാവ് പറഞ്ഞു. സംഭവങ്ങൾ തുടർന്നതോടെ പരീക്ഷണം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഏകദേശം രണ്ട് മണിക്കൂറിനിടെ സൈക്കിൾ, ബൈക്ക്, ഓട്ടോ, കാർ തുടങ്ങി വിവിധ വാഹനങ്ങളിലുള്ളവർ തന്നെ പിന്തുടരാൻ ശ്രമിച്ചുവെന്നാണ് യുവാവിന്റെ അവകാശവാദം. ഈ അനുഭവം സ്ത്രീകൾ രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതിനെക്കുറിച്ചുള്ള തന്റെ ധാരണ തന്നെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ 17 മില്യണിലധികം കാഴ്ചകൾ നേടിയതായാണ് റിപ്പോർട്ട്. പിന്നാലെ നിരവധി പേർ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചതോടെ സ്ത്രീകളുടെ രാത്രികാല സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്കും വീഡിയോ വഴിയൊരുക്കിയിരിക്കുകയാണ്.







Comments