
അച്ഛന്റെ ഏറെക്കാലത്തെ ആഗ്രഹം സഫലമാക്കി മകൻ നൽകിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്വന്തമായി ഒരു റോയൽ എൻഫീൽഡ് ക്ലാസിക് 350 സ്വന്തമാക്കണമെന്ന അച്ഛന്റെ സ്വപ്നം മകൻ അപ്രതീക്ഷിതമായി സാക്ഷാത്കരിക്കുകയായിരുന്നു. ബൈക്ക് സമ്മാനമായി ലഭിക്കുന്ന വിവരം അറിയാതെ നിന്ന അച്ഛന്റെ പ്രതികരണമാണ് വീഡിയോയിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷം.
രാജത് സിങ് റാവത്ത് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. അച്ഛനെ ബൈക്കിനരികിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ‘ഇത് നിങ്ങളുടെ ബൈക്കാണ്’ എന്ന് മകൻ പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ ഇത് ഒരു സമ്മാനമാണെന്ന് മകൻ വ്യക്തമാക്കുന്നു. അപ്രതീക്ഷിതമായി മുന്നിലെത്തിയ സ്വപ്നബൈക്ക് കണ്ട് അച്ഛൻ അത്ഭുതത്തോടെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തുടർന്ന് ഒരു പെട്ടി തുറക്കാൻ അച്ഛനോട് മകൻ ആവശ്യപ്പെടുകയും പിന്നീട് പുറത്തേക്ക് വരാൻ പറയുകയും ചെയ്യുന്നു. ബൈക്കിൽ കയറി ഇരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അച്ഛൻ റോയൽ എൻഫീൽഡിൽ ഇരിക്കുന്നതും മകൻ സന്തോഷത്തോടെ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്കിടയിലും മുന്നോട്ട് പോകാൻ പ്രചോദനം നൽകുന്ന നിമിഷമാണിതെന്ന് സൂചിപ്പിച്ചാണ് മകൻ വീഡിയോ പങ്കുവെച്ചത്.
വീഡിയോ പുറത്തുവന്നതോടെ അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ‘വളരെ മനോഹരം’, ‘അഭിമാനിക്കാവുന്ന മകൻ’, ‘ഇന്നത്തെ ഏറ്റവും ഹൃദയസ്പർശിയായ വീഡിയോ’ തുടങ്ങിയ പ്രതികരണങ്ങളാണ് ലഭിച്ചത്.







Comments