
കൊല്ക്കത്ത: പശ്ചിമ ബംഗാള് രാഷ്ട്രീയത്തില് അപ്രതീക്ഷിത സംഭവവികാസങ്ങള് തുടര്ക്കഥയാവുന്നു. റെജിനഗര് ഉപതിരഞ്ഞെടുപ്പില് മത്സരിക്കുന്നതില് നിന്ന് താന് പിന്മാറുന്നില്ലെന്ന് വ്യക്തമാക്കി മമത ബാനര്ജിയുടെ സ്ഥാനാര്ത്ഥി റബിയുള് ആലം ചൗധരി. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പീഡനങ്ങള് മൂലം പാര്ട്ടി പ്രവര്ത്തകര് ബുദ്ധിമുട്ടിലായതിനാലാണ് പിന്മാറാന് നേരത്തെ തീരുമാനിച്ചതെന്ന് ചൗധരി വ്യക്തമാക്കിയിരുന്നു.
പ്രവര്ത്തകര് പലവിധത്തില് വേട്ടയാടപ്പെടുകയാണ്, അവരില് ഭൂരിഭാഗവും ജോലി ആവശ്യങ്ങള്ക്കായി പ്രദേശം വിട്ടുപോയി. ആരോടൊപ്പം നിന്നാണ് ഞാന് തിരഞ്ഞെടുപ്പില് മത്സരിക്കേണ്ടത്? ഭരണകൂടത്തിന്റെ കടുത്ത സമ്മര്ദ്ദം കാരണം പോരാട്ടത്തില് തുടരാനാവില്ലെന്ന് പ്രവര്ത്തകര് പറയുന്നു. അതുകൊണ്ടാണ് നാമനിര്ദ്ദേശ പത്രിക പിന്വലിക്കാന് മുന്പ് തീരുമാനിച്ചത്,' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.നന്ദിഗ്രാമിലും റെജിനഗറിലും ഒക്ടോബര് 6-നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്, രണ്ട് മണ്ഡലങ്ങളിലും മമത ബാനര്ജിക്ക് തങ്ങളുടെ സ്ഥാനാര്ത്ഥികളെ നഷ്ടപ്പെട്ട സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്.
വെള്ളിയാഴ്ച, മമത ബാനര്ജി വിഭാഗത്തിന്റെ നന്ദിഗ്രാം സ്ഥാനാര്ത്ഥി സഞ്ചിത പ്രധാന് ഡേ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മത്സരം അവസാനിപ്പിച്ചിരുന്നു. സ്വന്തം സ്ഥാനാര്ത്ഥി പിന്മാറിയതിനെ തുടര്ന്ന്, നന്ദിഗ്രാമില് കോണ്ഗ്രസ് സ്ഥാനാര്ത്ഥിക്ക് മമത ബാനര്ജി പിന്തുണ പ്രഖ്യാപിച്ചെങ്കിലും, ആ നീക്കവും തിരിച്ചടിയായി. കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായ മിലന് പ്രധാന് 2007-ലെ ഒരു കൊലപാതകക്കേസില് വെള്ളിയാഴ്ച വൈകുന്നേരം അറസ്റ്റിലാവുകയായിരുന്നു. തൃണമൂല് കോണ്ഗ്രസിന്റെ പേരും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മീഷന് താത്കാലികമായി മരവിപ്പിച്ചതും മമത ബാനര്ജിക്ക് വലിയ തിരിച്ചടിയായി. ഇതോടെ ഇരുവിഭാഗങ്ങള്ക്കും ഉപതിരഞ്ഞെടുപ്പില് പാര്ട്ടി പേരോ ചിഹ്നമോ ഉപയോഗിക്കാന് കഴിയില്ല.
തുടര്ന്ന്, തിരഞ്ഞെടുപ്പ് കമ്മീഷന് ഇരുവിഭാഗങ്ങള്ക്കും പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിച്ചു. മമത ബാനര്ജിയുടെ വിഭാഗത്തിന് 'മമത ഓള് ഇന്ത്യ തൃണമൂല് കോണ്ഗ്രസ്' എന്ന പേരും 'ഫുട്ബോള് താരം' ചിഹ്നവുമാണ് ലഭിച്ചത്. അരൂപ് റോയിയും ഋതബ്രത ബാനര്ജിയും നയിക്കുന്ന എതിര്വിഭാഗത്തിന് 'ഡെമോക്രാറ്റിക് തൃണമൂല് കോണ്ഗ്രസ്' എന്ന പേരും 'ഇന്വലപ്പ്' (കവര്) ചിഹ്നവും ലഭിച്ചു.പാര്ട്ടി പേരും ചിഹ്നവും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ മമത ബാനര്ജി നിലവില് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.







Comments