
ആലപ്പുഴ: തമിഴ്നാട് കോർപ്പറേഷൻ ബസിടിച്ച് അരയ്ക്ക് താഴേക്ക് തളർന്ന വിദ്യാർത്ഥിനിക്ക് ₹2.60 കോടി നഷ്ടപരിഹാരം. മണ്ണഞ്ചേരി സ്വദേശിനി ഗൗരിനന്ദയ്ക്ക് നഷ്ടപരിഹാരം നൽകാൻ ആലപ്പുഴ എംഎസി ട്രിബ്യൂണൽ ഉത്തരവിട്ടു. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് തുക നൽകേണ്ടത്.
2023 നവംബർ 11നായിരുന്നു അപകടം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംഎസ്സി ഫിസിക്സ് വിദ്യാർത്ഥിനിയായിരുന്ന ഗൗരിനന്ദ പഠനാവശ്യവുമായി ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. തമിഴ്നാട് വാണിയമ്പാടി ചെട്ടിയപ്പനൂർ മേൽപ്പാലത്തിന് സമീപം ഗൗരിനന്ദ സഞ്ചരിച്ചിരുന്ന ബസിലേക്ക് തമിഴ്നാട് കോർപ്പറേഷന്റെ ബസ് നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗൗരിനന്ദ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു.
അപകടത്തിൽ രണ്ട് വാഹനങ്ങളിലായി നാല് പേർ മരിക്കുകയും 16ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഗൗരിനന്ദയെ വെല്ലൂർ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടു.ഗൗരിനന്ദയ്ക്കുവേണ്ടി അഭിഭാഷകരായ ജോസ് വൈ. ജെയിംസും കെ.പി. ജോബിയും കോടതിയിൽ ഹാജരായി.







Comments