
ഇടുക്കി: ചിന്നക്കനാലിൽ ജനവാസമേഖലകളിലിറങ്ങി നിരന്തരം ഭീതി സൃഷ്ടിക്കുന്ന ആക്രമണകാരികളായ കാട്ടാനകളെ വെടിവെച്ച് കൊല്ലണമെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എം.എം. മണി. കാട്ടാനകളെ പിടികൂടി കാടുകയറ്റാനുള്ള വനംവകുപ്പിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ആനകളെ പിടികൂടി മറ്റിടങ്ങളിലേക്ക് മാറ്റുന്നത് ശാശ്വത പരിഹാരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടാനകളെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടതെന്ന് എം.എം. മണി വ്യക്തമാക്കി. ഇത്തരമൊരു നടപടി സ്വീകരിക്കുമ്പോൾ നിയമപരമായ കേസുകൾ ഉണ്ടായാൽ അത് നേരിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്തെ ഭരണനേതൃത്വത്തിനും വൈദ്യുതി മന്ത്രിക്കും കാര്യങ്ങളിൽ ദീർഘവീക്ഷണമോ വ്യക്തമായ കാഴ്ചപ്പാടോ ഇല്ലെന്നും എം.എം. മണി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വി.ഡി. സതീശനും വകുപ്പ് മന്ത്രിയും ഇക്കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
താനും പിണറായി വിജയനും വൈദ്യുതി മന്ത്രിമാരായിരുന്ന കാലത്ത് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നുവെന്നും മണി പറഞ്ഞു. മികച്ച മഴ ലഭിച്ചാലും സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ 40 ശതമാനം മാത്രമാണ് ജലവൈദ്യുത പദ്ധതികളിലൂടെ ഉത്പാദിപ്പിക്കാനാകുന്നത്. ശേഷിക്കുന്ന വൈദ്യുതി വലിയ വില നൽകി പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നതാണ് പതിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാര്യങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് പ്രവർത്തിക്കാനുള്ള പ്രായോഗിക ബുദ്ധിയും ജനങ്ങളോടുള്ള ആത്മാർഥമായ കൂറും വേണം. ചിരിച്ചുകാണിച്ച് ഇളിച്ചിരുന്നതുകൊണ്ട് കാര്യമില്ലെന്നും എം.എം. മണി കൂട്ടിച്ചേർത്തു.







Comments