
ആലപ്പുഴ: സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ തന്റെ പേര് വന്നതിനെക്കുറിച്ച് അറിയില്ലെന്ന് ജി. സുധാകരൻ എംഎൽഎ. ഡയറിയിൽ തന്റെ പേര് എഴുതി ചേർത്തതാകാമെന്നും സുധാകരൻ പറഞ്ഞു. വിഷയത്തിൽ ഷോൺ ജോർജ് നടത്തുന്ന പ്രതികരണങ്ങൾ അതിരുകടന്നതാണെന്നും അദ്ദേഹം വിമർശിച്ചു.
പാർട്ടിക്ക് പണം നൽകാമെന്ന് ശശിധരൻ കർത്ത പറഞ്ഞപ്പോൾ താൻ അതിനെ എതിർക്കുകയാണ് ചെയ്തതെന്ന് സുധാകരൻ വ്യക്തമാക്കി. കേസിന്റെ പ്രാധാന്യം ഇല്ലാതാക്കാൻ അനാവശ്യ പേരുകൾ കൂടി എഴുതിച്ചേർത്തതാകാമെന്നും യഥാർഥത്തിൽ പണം വാങ്ങിയവരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരിക്കാം ഇതെന്നും അദ്ദേഹം ആരോപിച്ചു.
ഡയറിയിൽ പേര് വന്നതിന്റെ പേരിൽ മാനനഷ്ടക്കേസ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു. “മാനം ഉള്ളവർ ഇതൊന്നും പറയില്ലല്ലോ” എന്നും അദ്ദേഹം പ്രതികരിച്ചു.
ഷോൺ ജോർജിന്റെ പേര് ലിസ്റ്റിൽ ഇല്ലല്ലോ, അതുമതിയെന്നും സുധാകരൻ പരിഹസിച്ചു. പി.സി. ജോർജ് പോലും നിയമസഭയിൽ തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്കെതിരെ ഒന്നും പറയാത്തത് പി.സി. ജോർജ് മാത്രമാണെന്നും സുധാകരൻ പറഞ്ഞു.
“ഷോൺ ജോർജിന് എവിടെ നിന്നാണ് പേര് കിട്ടിയത്? ആ ചെറുപ്പക്കാരൻ ഇത്തിരി ഓവറാണ്” എന്നായിരുന്നു ജി. സുധാകരന്റെ പ്രതികരണം.







Comments