
നടനും രാഷ്ട്രീയപ്രവര്ത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്ത മകളും അഭിനേത്രിയും സോഷ്യല് മീഡിയ ഇന്ഫ്ലുവന്സറുമായ അഹാന കൃഷ്ണയുടെ വിവാഹം കഴിഞ്ഞ കുറെ നാളുകളായി ആരാധകര് കാത്തിരിക്കുന്ന വാര്ത്തയാണ്. തന്റെ ദീര്ഘകാല സുഹൃത്തും കാമുകനുമായ പ്രശസ്ത ഛായാഗ്രാഹകന് നിമിഷ് രവിയെ അഹാന വിവാഹം ചെയ്തപ്പോള് സോഷ്യല് മീഡിയയടക്കമത് ആഘോഷമാക്കി. അഹാനയും നിമിഷും തമ്മില് പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള് കഴിഞ്ഞ കുറച്ചു നാളുകളായി കേള്ക്കുന്നുണ്ടെങ്കിലും രണ്ടാളുമത് തുറന്നു സമ്മതിച്ചിരുന്നില്ല. എന്നാല് തന്റെ വിവാഹചിത്രങ്ങള് പങ്കിട്ട് അഹാന ഈ സസ്പെന്സ് പൊളിച്ച് തന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചു.
കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു ഡ്രീം വെഡ്ഡിംഗായിരുന്നു അഹാനയുടേത്. അതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല് മീഡിയയില് തരംഗമായിരുന്നു. അതിനു പിന്നാലെയാണ് തന്റെ സംഗീത് നൈറ്റിന്റെ ചിത്രങ്ങളും വീഡിയോയും അഹാന പങ്കുവച്ചത്. വീഡിയോയില് അഹാനയും സഹോദരിമാരും അച്ഛന് കൃഷ്ണകുമാറും അമ്മ സിന്ധുവുമടക്കം എല്ലാവരും കൂടി ഒരുമിച്ച് വേദിയിലെത്തിയ ഒരു പെര്ഫോമന്സുമുണ്ടായിരുന്നു.
ഇപ്പോഴിതാ ആ പെര്ഫോമന്സിനെക്കുറിച്ച് വൈകാരികമായി കുറിക്കുകയാണ് അഹാന കൃഷ്ണ. കുടുംബത്തോടൊപ്പം ഇങ്ങനെയൊരു ഡാൻസ് തന്റെ വലിയ ആഗ്രഹമായിരുന്നു എന്നും ഇരുപത് മിനിറ്റ് നീണ്ട ഡാൻസിൽ തനിക്ക് ഏറ്റവും സവിശേഷമായത് ഈ ഡാൻസ് ആണെന്നും അഹാന കുറിച്ചു. ‘കഭി ഖുഷി കഭി ഘം’ എന്ന ചിത്രത്തിലെ ‘ബോലെ ചൂടിയാ’ എന്ന സൂപ്പര്ഹിറ്റ് ഗാനത്തിനാണ് അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും കൃഷ്ണകുമാറും സിന്ധു കൃഷ്ണയും ചേർന്ന് ഡാൻസ് ചെയ്തത്.
‘‘ഒരുപക്ഷേ പല കുടുംബങ്ങളും ഇതുപോലെയായിരിക്കാം. അതോ ഞങ്ങളുടെ കുടുംബം മാത്രം ഇങ്ങനെയാണോ? പരസ്പരം എത്രയധികം സ്നേഹിക്കുന്നുണ്ടെങ്കിലും, നിസ്സാര കാര്യത്തിന് പോലും ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകാറുണ്ട്.
വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതിന് മുൻപേ തന്നെ, അച്ഛനും അമ്മയും ഞങ്ങൾ നാല് മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം ഈ പാട്ടിന് നൃത്തം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ആകെ 20 മിനിറ്റ് നീണ്ടുനിന്ന ഞങ്ങളുടെ നൃത്തത്തിൽ, എനിക്ക് ഏറ്റവും പ്രധാനപ്പെട്ട നിമിഷം ഇതായിരുന്നു. യാതൊരു പിഴവുകളുമില്ലാതെ ഇത് ഭംഗിയായി അവതരിപ്പിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ അതിലുപരി എന്നെ ഭയപ്പെടുത്തിയത് മറ്റൊന്നായിരുന്നു; ആറുപേരും സ്റ്റേജിൽ ഒത്തുചേരുമ്പോൾ ആരെങ്കിലും തമ്മിൽ വഴക്കുണ്ടാകുമോ എന്നതായിരുന്നു അത്. ആ നിമിഷം ഞങ്ങൾ എല്ലാവരും സന്തോഷത്തോടെ ഒന്നിച്ച് നൃത്തം ചെയ്യണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്.
ഞാൻ എന്റെ അടുത്ത സുഹൃത്തിനോട് എപ്പോഴും പറയുമായിരുന്നു, ‘സ്റ്റേജിൽ ഈ നിമിഷം ഞങ്ങൾ ഭംഗിയായി അവതരിപ്പിച്ചാൽ, ഒരുപക്ഷേ ഞാൻ കരഞ്ഞുപോയേക്കാം....’ കാരണം അത്രയേറെ പ്രാധാന്യമുള്ളതായിരുന്നു എനിക്കിത്. ഞാൻ സങ്കൽപ്പിച്ചതുപോലെ തന്നെ അത് സംഭവിക്കുകയും ചെയ്തു. ഞാൻ ആഗ്രഹിച്ച കാര്യമായിരുന്നു അത്; അവർ എനിക്കുവേണ്ടി അത് ചെയ്തുതരികയും ചെയ്തു.
നൃത്തവുമായി വലിയ ബന്ധമൊന്നുമില്ലാതിരുന്നിട്ടും, ഒരു സ്റ്റെപ്പ് പോലും മറക്കാതെ അതിമനോഹരമായി പ്രകടനം കാഴ്ചവെച്ച എന്റെ അച്ഛന് പ്രത്യേക അഭിനന്ദനങ്ങൾ....എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിൽ (എന്റെ അവസാനത്തെ 7 മിനിറ്റുകളിൽ) ഇതിനും തീർച്ചയായും ഒരിടം ലഭിച്ചിട്ടുണ്ട്. :)
കുറിപ്പ് - ഞങ്ങളുടെ നൃത്തത്തിന്റെ ബാക്കി ഭാഗം ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്....’’ എന്നാണ് അഹാന പെര്ഫോമന്സ് വീഡിയോ പങ്കിട്ട് കുറിച്ചിരിക്കുന്നത്. ഒരു ബോളിവുഡ് ഗാനരംഗത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു അഹാനയുടെയും നിമിഷ് രവിയുടെയും സംഗീത് നൈറ്റ്. അഹാനയുടെ സോളോ ഡാൻസിന് പിന്നാലെയാണ് സഹോദരിമാരും അച്ഛന് കൃഷ്ണകുമാറും അമ്മ സിന്ധുവുമൊക്കെ ഒന്നിച്ച് വേദിയിലെത്തിയ തകർപ്പൻ പെര്ഫോമന്സ്ചു എത്തിയത്. സംഗീത് ചടങ്ങിൽ നിന്നുള്ള ഡാൻസ് വീഡിയോ യൂട്യൂബില് ട്രെന്ഡിംഗില് ഒന്നാമതാണ്. ബോളിവുഡ് സിനിമയിലെ ആഘോഷ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം അതീവ ഗംഭീരമായാണ് സംഗീത് ചടങ്ങിന്റെ വേദി ഒരുക്കിയിരുന്നത്.
കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില് വച്ചായിരുന്നു വിവാഹം. സിനിമയിൽ നിന്നും ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, ജേക്സ് ബിജോയ്, ഡൊമിനിക് അരുൺ തുടങ്ങിയവർ അതിഥികളായി എത്തിയിരുന്നു. ചുവപ്പും സ്വർണക്കസവോടുകൂടിയ ബോർഡർ ഉള്ള വിവാഹസാരിയിലാണ് അഹാന വധുവായി എത്തിയത്. ഐവറി സ്യൂട്ടിലാണ് നിമിഷ് വിവാഹത്തിന് എത്തിയത്. പരമ്പരാഗത രീതിയിലുള്ള സ്വർണാഭരണങ്ങളും ഹെയർസ്റ്റൈലുമാണ് അഹാന വിവാഹത്തിനായി തെരഞ്ഞെടുത്തത്.







Comments