
തമിഴകത്തിന്റെ ഇളയ ദളപതി വിജയ് അഥവാ സി. ജോസഫ് വിജയ് ഇന്ന് തമിഴ്നാടിന്റെ സ്വന്തം മുഖ്യമന്ത്രിയാണ്. ഇന്നും വിജയ് സിനിമകളെ ആരാധിക്കുന്ന പ്രേക്ഷകർ കുറച്ചൊന്നുമല്ല. താരത്തെ വീണ്ടും സ്ക്രീനിൽ കാണണം എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ആരാധകരും കുറവല്ല. തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ് യുടെ മകൻ ജേസൺ സഞ്ജയും അച്ഛന്റെ പാത പിന്തുടര്ന്ന് ബിഗ് സ്ക്രീനില് എത്തുകയാണ്. അച്ഛനെപ്പോലെ ക്യാമറയ്ക്ക് മുന്നിലല്ല, പകരം ക്യാമറയ്ക്ക് പിന്നില് സംവിധായകനായി കോളിവുഡിൽ അരങ്ങേറ്റത്തിനാണ് താരപുത്രന് ഒരുങ്ങുന്നത്. ജേസൺ സംവിധാനം ചെയ്യുന്ന സിഗ്മ അടുത്ത മാസം ആദ്യം തിയേറ്ററിലെത്തും.
ഇപ്പോഴിതാ വിജയിയെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹം തനിക്കുണ്ടെന്ന് തുറന്നു പറയുകയാണ് മകനും സംവിധായകനുമായ ജേസണ് സഞ്ജയ്. തനിക്ക് അതിനൊരു അവസരം ലഭിച്ചാല്, താരത്തിന്റെ മാസ് ഹീറോ ഇമേജിനേക്കാള് താൻ വീട്ടില് കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ വശം സ്ക്രീനില് കൊണ്ടുവരാനാണ് ആഗ്രഹമെന്നാണ് ജേസണ് പറയുന്നത്. വിജയിയിലെ നർമവും കുട്ടിത്തവുമാണ് ഒരു സംവിധായകൻഎന്ന നിലയില് തനിക്ക് ഏറ്റവും ഇഷ്ടമെന്നും ജേസണ് പറഞ്ഞു.
‘‘അദ്ദേഹത്തിന്റെ നർമ്മബോധം എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തെ കാണുമ്പോള് അദ്ദേഹം സ്വതന്ത്രമായി, തന്നെത്തന്നെയായി പെരുമാറുന്നതായി തോന്നും. വീട്ടില് വളർന്നപ്പോള് അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു വശം കണ്ടിട്ടുണ്ട്. അദ്ദേഹത്തിനുള്ളിലെ ആ കുട്ടിത്തവും ഞാൻ കണ്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ സമീപകാല സിനിമകളില് കൂടുതലും മാസ് ആക്ഷനും നായകപ്രാധാന്യമുള്ള കഥാപാത്രങ്ങളുമാണ് കാണാനാകുന്നത്. പ്രേക്ഷകർക്ക് കൂടുതല് എളുപ്പത്തില് ബന്ധപ്പെടാൻ കഴിയുന്ന തരത്തിലുള്ള ഒരു കഥാപാത്രത്തെ പൂർണമായി അവതരിപ്പിക്കാനുള്ള അവസരം അദ്ദേഹത്തിന് അടുത്ത കാലത്ത് കുറവായിരുന്നു. അത്തരമൊരു അവസരം ലഭിച്ചാല് അദ്ദേഹത്തിന്റെ ആ വശം പുറത്തെടുക്കാനാണ് എന്റെ ശ്രമം. അച്ഛനെ ഒരു സൂപ്പർതാരമായി മാത്രം കാണുന്നതിനപ്പുറം, വീട്ടില് കണ്ട വ്യക്തി എന്ന നിലയിലുള്ള അനുഭവവും എന്റെ കാഴ്ചപ്പാടിനെ സ്വാധീനിക്കുന്നുണ്ട്.
വിജയിയുടെ മകനെന്ന നിലയില് ലഭിക്കുന്ന പൊതുശ്രദ്ധ വളരെ വലുതാണ്. ആളുകള് എന്നെക്കുറിച്ച് ധരിക്കുന്ന കാര്യങ്ങള് എന്റെ ജോലിയെ സ്വാധീനിക്കാൻ അനുവദിക്കില്ല, എന്റെ പ്രവൃത്തികളാണ് എന്നെക്കുറിച്ച് സംസാരിക്കേണ്ടത്. കഴിയുന്നത്ര ഇത്തരം കാര്യങ്ങളിൽനിന്ന് അകന്നുനിൽക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അദ്ദേഹം ഇപ്പോള് വഹിക്കുന്ന പൊതുപങ്കിന്റെ പശ്ചാത്തലത്തില്, ജീവിതഘട്ടത്തിൽ എന്റെ വ്യക്തിജീവിതത്തിലും ചില നിയന്ത്രണങ്ങള് പാലിക്കേണ്ടതുണ്ട്. കാരണം പുറത്തുനിന്നുള്ള ഒരു കഥ എപ്പോഴും വന്നുകൊണ്ടിരിക്കും. കുടുംബത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില് അശ്രദ്ധമായ കാര്യങ്ങള് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്. ആരെയും വേദനിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് എനിക്ക് ഉറപ്പാക്കണം.
അച്ഛൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതിനാൽ വ്യക്തിജീവിതത്തിൽ എനിക്ക് ചില പരിമിതികളുണ്ട്. അതിൽനിന്ന് മറ്റൊരു തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. എന്റെ ഉൾബോധത്തെ വിശ്വസിച്ച് മുന്നോട്ടുപോകുക മാത്രമാണ് ചെയ്യുന്നത്. വിജയ്യുടെ മകനെന്ന നിലയിൽ ആളുകളുടെ വിലയിരുത്തലുകളെക്കുറിച്ച് എല്ലായ്പ്പോഴും ചിന്തിക്കാറുണ്ട്. അത് നിഷേധിക്കാനാകില്ല. കാര്യങ്ങൾ സംഭവിച്ച സമയവും രസകരമാണ്. എന്റെ കുടുംബത്തിന്റെ പാരമ്പര്യം സ്വാഭാവികമായും എന്നും കൂടെയുണ്ടാകും. അതോടൊപ്പം അടുത്തിടെ ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങളും സാഹചര്യങ്ങളും ഉണ്ട്. മറുവശത്ത്, ഞാൻ എന്റെ സ്വന്തം സിനിമ ചെയ്യുകയാണ്. വ്യവസായത്തിൽ എന്റേതായൊരു ഇടം കണ്ടെത്താനും എന്റെ കാഴ്ചപ്പാട് പ്രേക്ഷകരിലെത്തിക്കാനുമാണ് ശ്രമിക്കുന്നത്.
സംവിധായകനായുള്ള അരങ്ങേറ്റത്തിന് മുമ്പ് മുത്തച്ഛൻ (എസ്.എ. ചന്ദ്രശേഖർ) നല്കിയ ഉപദേശം എനിക്ക് നല്ല ഓര്മ്മയാണ്. സെറ്റില് എന്തെങ്കിലും കാര്യത്തില് സംശയമോ രണ്ടാമതൊരു ചിന്തയോ ഉണ്ടായാലും അത് മറ്റുള്ളവരെ കാണിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. അദ്ദേഹത്തിന്റെ പ്രവർത്തനശൈലി തന്നെ ഉദാഹരണമാണ്. ഒരു സിനിമയുടെ ആദ്യ പകുതിയില് ചിത്രീകരണം നടത്തിയ ശേഷം രണ്ടാം പകുതിയില് മറ്റൊരു സിനിമ സംവിധാനം ചെയ്യുന്നതിനായി അദ്ദേഹം പോയിരുന്ന കാലമുണ്ടായിരുന്നു...’ ജേസണ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിലാണ് ജേസണ് ഇക്കാര്യങ്ങള് പറഞ്ഞത്.
വിജയ് എന്ന തമിഴകത്തിന്റെ ഇളയദളപതിയുടെ മകന് ജേസൺ സഞ്ജയ് സംവിധാനം ചെയ്യു സിഗ്മ ഒക്ടോബർ 2ന് തിയറ്ററുകളിലെത്തും. ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രമെന്ന് ട്രെയിലർ നിന്ന് തന്നെ വ്യക്തമാണ്. മൈന്ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ആക്ഷൻ ത്രില്ലറാകും ചിത്രം. സന്ദീഷ് കിഷൻ നായകനായി എത്തുന്ന ചിത്രത്തിൽ ഫരിയ അബ്ദുള്ളയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തില് അണിനിരക്കുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.







Comments