
ജീവനക്കാർക്ക് വിലയേറിയ സമ്മാനം നൽകി ശ്രദ്ധ നേടിയിരിക്കുകയാണ് യുഎഇയിലെ ഒരു കമ്പനി. കേരളത്തിൽ ജനിച്ച കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഹസീന നിഷാദും ഭർത്താവും ചേർന്നാണ് ജീവനക്കാർക്ക് പുതിയ ഐഫോണുകൾ സമ്മാനിച്ചത്. സമ്മാനം സ്വീകരിക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം വലിയ ശ്രദ്ധ നേടി.
മേശപ്പുറത്ത് പൊതിഞ്ഞ സമ്മാനപ്പൊതികൾ നിരത്തിവച്ച ശേഷം ജീവനക്കാരോട് ഓരോന്നായി തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ കാണുന്നത്. ചിലർക്ക് സമ്മാനപ്പൊതികളിൽ നിന്ന് ഐഫോണുകൾ ലഭിച്ചപ്പോൾ ഏതാനും പേർക്ക് ആദ്യം ലഭിച്ചത് ചോക്ലേറ്റുകളായിരുന്നു. എന്നാൽ ചോക്ലേറ്റ് ലഭിച്ചവരെയും നിരാശരാക്കാതെ പിന്നീട് അവർക്കും ഐഫോൺ സമ്മാനിച്ചു.
ജീവനക്കാരുടെ ആത്മാർഥമായ പരിശ്രമവും കൂട്ടായ പ്രവർത്തനവുമാണ് കമ്പനിയുടെ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തിയെന്ന് ഹസീന നിഷാദ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറഞ്ഞു. ഓരോരുത്തരുടെയും പരിശ്രമത്തിനും ആശയങ്ങൾക്കും സംഭാവനകൾക്കും കമ്പനിയുടെ മുന്നേറ്റത്തിൽ പ്രധാന പങ്കുണ്ടെന്നും ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ട് അവർ വ്യക്തമാക്കി.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. 24 ലക്ഷത്തിലേറെ കാഴ്ചകൾ നേടിയ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ചത്. “ഇവിടെ ഒഴിവുണ്ടോ?” എന്ന് ചോദിച്ചുള്ള കമന്റുകളും ശ്രദ്ധ നേടി. ഐഫോൺ ലഭിച്ചതിനേക്കാൾ ജീവനക്കാരോട് മാനേജ്മെന്റ് കാണിക്കുന്ന പരിഗണനയാണ് ശ്രദ്ധേയമെന്നായിരുന്നു മറ്റുചിലരുടെ പ്രതികരണം.







Comments