
കലയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച സൂര്യ കൃഷ്ണമൂർത്തിയുടെ വേർപാട് കലാസാംസ്കാരിക ലോകത്തിനു വലിയൊരു വിടവാണ് നൽകിയിരിക്കുന്നത്. സൂര്യ കൃഷ്ണമൂര്ത്തിയുടെ കലാസപര്യയുടെ അടയാളമായ സൂര്യ ഫെസ്റ്റിവലിന്റെ തണലില് വളര്ന്നതും പ്രതിഭ തെളിയിച്ചതുമായ ഒട്ടനവധി പ്രമുഖ കലാകാരന്മാരും സാംസ്കാരിക കൂട്ടായ്മകളും ഇന്ത്യയിലുടനീളമുണ്ട്. അവര്ക്കാര്ക്കും തന്നെ ഉള്ക്കൊള്ളാനാവാത്ത ഒരു വലിയ നൊമ്പരമാണ് ഈ വേര്പാട് നല്കിയിരിക്കുന്നത്. പലരും തങ്ങളുടെ ആ നഷ്ടത്തിന്റെ ആഴം വൈകാരികമായിത്തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ സൂര്യ കൃഷ്ണമൂർത്തിയുടെ ശിഷ്യയും അഭിനേത്രിയുമായ രചന നാരായണൻകുട്ടി പങ്കുവച്ച സുദീര്ഘമായ കുറിപ്പാണ് കാഴ്ച്ചക്കാരുടെ ഹൃദയം നൊമ്പരപ്പെടുത്തുന്നത്. അടുത്ത രണ്ടു വർഷത്തെ സൂര്യ ഫെസ്റ്റിവലിന്റെ എല്ലാ പ്ലാനിങ്ങും കൃത്യമായി ചെയ്ത് ഗണപതി ഭഗവാനെ ഉപാസിച്ചുപാസിച്ച് വരെ വരെ ആ ഛായയിലേക്ക് മാറി ഗണാധിപന്റെ ലോകത്തേക്ക് സാര് പോയി എന്നാണ് രചന കുറിച്ചിരിക്കുന്നത്. അവസാനത്തെ മെസ്സേജിന് മറുപടി തരാതെയാണ് പോയതെന്നും രചന കുറിക്കുന്നു.
‘‘അവസാനത്തെ മെസ്സേജിന് മറുപടി തരാതെ ഒരു പോക്കു പോയി. അടുത്ത രണ്ടു വർഷത്തെ സൂര്യ ഫെസ്റ്റിവലിന്റെ എല്ലാ പ്ലാനിങ്ങും കൃത്യമായി ചെയ്തു വച്ച് പോയി. ഈ വർഷത്തെ എല്ലാ പരിപാടികളുടേയും ഇന്ഡ്രൊടക്ടറി അനൗണ്സ്മെന്റ് വരെ റെക്കോര്ഡ് ചെയ്ത് വച്ച് പോയി. ഒരുപാടു അറിവുകൾ പകർന്നു നൽകി പോയി. ചെയ്യുന്ന ഓരോ കാര്യത്തിലും അണുകിട പോലും മടുപ്പു കാണിക്കാതെ പോയി. ഒരുപാടു ചിരിച്ചും, ഒരുപാടു കളിയാക്കിയും, ഒരുപാടു സ്നേഹിച്ചും, ഒരുപാടു പിണങ്ങിയും, ഒരുപാടു ഇണങ്ങിയും പോയി. ഡയറക്ഷൻ എന്നത് വെറും ഒരു ടെക്നിക്കല് ക്രാഫ്റ്റ് മാത്രം അല്ല മറിച്ച് ഒരു മാനേജ്മെന്റ് മിക്കവാണെന്ന് പഠിപ്പിച്ചു തന്നു പോയി.
ഒരേ ഒരു ഫോൺ കൊണ്ട് ലക്ഷകണക്കിന് ആളുകളെ എങ്ങനെ മാനേജ് ചെയ്യാം എന്ന് കാണിച്ചുതന്നുകൊണ്ട്, മനോഹരമായ ആര്ട്സ് മാനേജ്മെന്റ് എന്താണെന്ന് പഠിപ്പിച്ചുതന്ന് പോയി. എന്നിലെ അഭിനേത്രിക്ക് ഇനി ഒരിക്കലും ലഭിക്കാൻ സാധ്യത ഇല്ലാത്ത രീതിയിൽ ഉള്ള, ചായക്കട കഥകളും, ദീർഘചതുരവും, തുടർച്ചയും എല്ലാം തന്നുകൊണ്ട്, വ്യത്യസ്ത കഥാപാത്രങ്ങളെ വേദിയിൽ അവതരിപ്പിക്കാൻ അവസരം തന്ന് പോയി. എന്നിലെ നർത്തകിക്ക് പരീക്ഷണങ്ങൾ ചെയ്യുവാൻ ഒരുപാടൊരുപാട് അവസരങ്ങൾ തന്ന് പരിപോഷിപ്പിച്ച്, അഭിപ്രായങ്ങൾ പറഞ്ഞ്, അഭിനന്ദനങ്ങൾ തന്ന്, ആശ്ലേഷിച്ച് പോയി. നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ നീല ഷർട്ട് മാറ്റില്ല എന്ന് ഇടക്കിടക്കു പറഞ്ഞുകൊണ്ടേ പോയി.
പരിചയപ്പെട്ടവർക്കെല്ലാം സ്വന്തം ആണെന്ന തോന്നൽ വേണ്ടുവോളം നൽകി പോയി. കലയുടെ സേവകനായി ജീവിച്ച്, കലയിൽ നനഞ്ഞു കുളിർന്ന്, കലയെ പുണർന്ന്, കലയെ വീണ്ടും വീണ്ടും അറിഞ്ഞ്, കലയെ ഉപാസിച്ചു നിറഞ്ഞു ജീവിച്ചു പോയി. ഗണപതി ഭഗവാനെ ഉപാസിച്ചുപാസിച്ച് വരെ വരെ ആ ഛായയിലേക്ക് മാറി ഗണാധിപന്റെ ലോകത്തേക്ക് പോയി....
സങ്കടം ആണ്.... സാന്നിധ്യം ഉണ്ടാവുമെന്നറിയാമെങ്കിലും വിങ്ങൽ ആണ്. കാര്യമായ വിവരങ്ങൾ അറിയിക്കാൻ, അര്ജന്റ് ആയ കാര്യങ്ങൾ അറിയിക്കാൻ, പ്രധാനപെട്ടത് എന്ന് മനസ്സിലാക്കിപ്പിക്കാൻ പാകത്തിന് ക്യാപിറ്റല് ലെറ്റേഴ്സില് ഉള്ള ആ മെസേജുകള് ഇനി ആര് അയക്കും എന്ന ആദി ആണ്.
ഗുരുനാഥന്.... ശ്രീ സൂര്യ കൃഷ്ണമൂർത്തി സർന് ശതകോടി സാഷ്ഠാംഗ പ്രണാമം....ശിഷ്യ....രചന...’’ എന്നാണ് രചന വൈകാരികമായി കുറിച്ചിരിക്കുന്നത്. സൂര്യ കുഷ്ണമൂര്ത്തിയ്ക്കൊപ്പമുള്ള ചിത്രങ്ങള് പങ്കിട്ടാണ് രചനയുടെ കുറിപ്പ്. പലരും രചനയുടെ കുറിപ്പില് ആ വിങ്ങല് കാണാന് കഴിയുന്നുണ്ടെന്ന് കമന്റുകളില് കുറിച്ചിട്ടുണ്ട്.
സാംസ്കാരിക രംഗത്ത് സൂര്യ കൃഷ്ണമൂര്ത്തി സൃഷ്ടിച്ച ആഴത്തിലുള്ള സ്വാധീനം വ്യക്തമാക്കിക്കൊണ്ട് നാടിന്റെ നാനാഭാഗങ്ങളില് നിന്നെത്തിയ ആയിരക്കണക്കിന് ആളുകളാണ് പ്രിയ കലാകാരന് ആദരാഞ്ജലികള് അർപ്പിച്ചത്. സാംസ്കാരിക-രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും അടങ്ങുന്ന വൻ നിര തന്നെ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. കൃഷ്ണമൂർത്തിയുടെ വഴികാട്ടലിനെയും സൂര്യയിലെ മികച്ച കാണികളെയും ഓർത്തെടുത്ത് മോഹൻലാലും മഞ്ജു വാര്യരും വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുകള് പങ്കുവച്ചു.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ മുൻ ശാസ്ത്രജ്ഞനായ കൃഷ്ണമൂർത്തി 1977-ലാണ് ‘സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി’ ആരംഭിക്കുന്നത്. തുടർന്ന് 1978-ല് മലയാളത്തിലെ ആദ്യത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സൂര്യ കൃഷ്ണമൂര്ത്തി അവതരിപ്പിച്ചു. വൈകുന്നേരം 6:45-ന് തന്നെ പരിപാടികള് തുടങ്ങുന്ന കൃത്യനിഷ്ഠയും, കാണികള്ക്കായി ‘ഗണേശം’ മിനി തിയേറ്റർ നിർമ്മിച്ചതും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. കേരളത്തിന്റെ സമകാലിക ദൃശ്യശ്രവ്യ കലാരംഗത്തെ വൻതോതില് സ്വാധീനിച്ച സൂര്യ ഫെസ്റ്റിവല്, ഏഷ്യയിലെ തന്നെ ഏറ്റവും ദീർഘമേറിയ സാംസ്കാരിക മേളയെന്ന റെക്കോർഡും നേടി. അടുത്തവർഷം നടത്താനിരുന്ന സൂര്യയുടെ സുവർണ ജൂബിലി ആഘോഷം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാതെയാണ് കൃഷ്ണമൂർത്തിയുടെ അവിചാരിതമായ മടക്കം.







Comments