
റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് മലയാളികള്ക്ക് സുപരിചിതയും പ്രിയങ്കരിയുമായി മാറിയ ഗായികയാണ് അമൃത സുരേഷ്. താരത്തിന്റെ വ്യക്തിജീവിതം പലപ്പോഴും വാര്ത്തകളില് നിറഞ്ഞിട്ടുണ്ട്. ഒരുപാട് പ്രതിസന്ധികളും മാനസിക സമ്മര്ദ്ദങ്ങളും പേറിയാണ് അമൃത തന്റെ സംഗീതയാത്ര തുടര്ന്നത്. കേരളത്തിനകത്തും പുറത്തും മാത്രമല്ല വിദേശരാജ്യങ്ങളിലടക്കം തന്റെ ബാന്ഡിന്റെ സ്റ്റേജ് പ്രോഗ്രാമുകളുമായി തിരക്കിലാണ് അമൃതയിപ്പോള്. സംഗീതം കൂടാതെ ഇടയ്ക്ക് താരം ഡബ്ബിംഗിലും ഒരു കൈ നോക്കിയിരുന്നു. സോഷ്യല് മീഡിയയിലും തിളങ്ങി നില്ക്കുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സംഗീതയാത്രയില് 19 വര്ഷം പൂര്ത്തിയാക്കിയ തന്റെ സന്തോഷം പങ്കിടുകയാണ് അമൃത സുരേഷ്. 2007-ൽ ‘ഐഡിയ സ്റ്റാർ സിംഗറി’ൽ ഒരു മത്സരാർത്ഥിയായിരുന്നതില് നിന്ന് ‘ഫ്ലവേഴ്സ് ടിവി ടോപ്പ് സിംഗർ സീസൺ 7’-ൽ വിധികർത്താവായിരിക്കുന്ന വരെയുള്ള യാത്രയാണ് അമൃത പങ്കിട്ടിരിക്കുന്നത്.
‘‘ചില വൃത്തങ്ങൾ പൂർത്തിയാകാൻ വർഷങ്ങളെടുക്കും... അവ പൂർത്തിയാകുമ്പോൾ, ജീവിതം എത്ര മനോഹരമായാണ് തിരികെ വന്നെത്തുന്നതെന്ന് നിങ്ങൾക്ക് ബോധ്യമാകും....2007-ൽ ‘ഐഡിയ സ്റ്റാർ സിംഗറി’ൽ ഒരു മത്സരാർത്ഥിയായിരുന്ന ഞാൻ, ഇപ്പോൾ ‘ഫ്ലവേഴ്സ് ടിവി ടോപ്പ് സിംഗർ സീസൺ 7’-ൽ വിധികർത്താവായിരിക്കുന്നു! 19 വർഷങ്ങൾക്കിപ്പുറം, ജീവിതത്തിന്റെ മനോഹരമായ ഒരു വൃത്തം പൂർത്തിയായതുപോലെ തോന്നുന്നു....
വർഷങ്ങളായി എനിക്ക് ജ്യേഷ്ഠസഹോദരന്മാരെപ്പോലെ കൂടെയുള്ള രണ്ടുപേർക്കൊപ്പം ഈ പുതിയ അധ്യായം പങ്കിടാനാവുന്നത് ഇതിനെ കൂടുതൽ സവിശേഷമാക്കുന്നു...ദീപക് ദേവ്, മധുബാലകൃഷ്ണന്...
എന്നാൽ ഈ യാത്രയിലെ ഏറ്റവും മനോഹരമായ ഭാഗം ആ കൊച്ചു ഗായകരാണ്. അവരുടെ നിഷ്കളങ്കത, സ്വപ്നങ്ങൾ, കഴിവ്, ഒടുങ്ങാത്ത ഊർജ്ജം എന്നിവയ്ക്കൊപ്പം ചെലവഴിച്ച സമയം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നാണ്....ഈ മനോഹരമായ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും നന്ദിയും തോന്നുന്നു....ഈ പുതിയ അധ്യായത്തിന് ഫ്ലവേഴ്സിനോട് നന്ദി പറയുന്നു....19 വർഷങ്ങൾക്കും, മനോഹരമായ വൃത്തങ്ങൾക്കും, പുതിയ തുടക്കങ്ങൾക്കും, വീടുപോലെ തോന്നിക്കുന്ന നിമിഷങ്ങൾക്കും വേണ്ടി...’’ എന്നാണ് ദീപക് ദേവിനും മധു ബാലകൃഷ്ണനുമൊപ്പം ജഡ്ജിംഗ് പാനലിലിരിക്കുന്ന ചിത്രങ്ങള് പങ്കിട്ട് അമൃത കുറിച്ചിരിക്കുന്നത്. നിരവധി പേര് അമൃതയ്ക്ക് സ്നേഹവും ആശംസയും കുറിച്ച് കമന്റ് ബോക്സിലെത്തുന്നുണ്ട്.







Comments