
ബെംഗളൂരുവിൽ എഐ ട്രാഫിക് ക്യാമറയുടെ വിചിത്രമായ പിഴവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹെൽമറ്റ് ധരിച്ച് ഒറ്റയ്ക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ പിന്നിൽ കെട്ടിവെച്ചിരുന്ന ഗിറ്റാറിനെ എഐ ക്യാമറ ഹെൽമറ്റില്ലാത്ത പിൻസീറ്റ് യാത്രക്കാരനായി തെറ്റിദ്ധരിക്കുകയായിരുന്നു. തുടർന്ന് ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റ് യാത്രക്കാരനെ കൊണ്ടുപോയെന്ന നിയമലംഘനത്തിന് 500 രൂപയുടെ ചലാൻ ലഭിച്ചു.
ഹെബ്ബാൾ സ്വദേശിയായ സൗവിക് ദത്തയാണ് സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഭാര്യയുടെ ഇരുചക്രവാഹനത്തിൽ ഒറ്റയ്ക്കായിരുന്നു യാത്രയെന്നും ഗിറ്റാർ പിന്നിൽ സുരക്ഷിതമായി കെട്ടിവെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ട്രാഫിക് ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ ഗിറ്റാർ മറ്റൊരാൾ ഇരിക്കുന്നതുപോലെ തോന്നിയതോടെയാണ് എഐ സംവിധാനം നിയമലംഘനം കണ്ടെത്തിയത്.
സെപ്റ്റംബർ 15 ന് നടന്നതായി രേഖപ്പെടുത്തിയ നിയമലംഘനത്തിനാണ് അടുത്ത ദിവസം ഭാര്യയുടെ പേരിൽ ചലാൻ ലഭിച്ചത്. ചലാനിനൊപ്പം ലഭിച്ച ചിത്രത്തിൽ സൗവിക് ഹെൽമറ്റ് ധരിച്ചിരുന്നതും പിന്നിൽ ഗിറ്റാർ കെട്ടിവെച്ചിരുന്നതും വ്യക്തമായിരുന്നു. ഇതോടെയാണ് എഐ സംവിധാനത്തിന്റെ പിഴവ് ചൂണ്ടിക്കാട്ടി അദ്ദേഹം ബെംഗളൂരു ട്രാഫിക് പോലീസിനെ ടാഗ് ചെയ്ത് ചലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ബെംഗളൂരു ട്രാഫിക് പോലീസ് ചലാൻ റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സൗവിക്കിനോട് ആവശ്യപ്പെട്ടു. അതേസമയം, ഗിറ്റാറിനെ പിൻസീറ്റ് യാത്രക്കാരനായി തിരിച്ചറിഞ്ഞ എഐ ക്യാമറയുടെ പിഴവ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ഓട്ടോമാറ്റിക് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങൾ ചില സാഹചര്യങ്ങളിൽ ദൃശ്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാമെന്നതിന്റെ ഉദാഹരണമായാണ് സംഭവം ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.







Comments