
അസമിലെ കാമാഖ്യ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്ന യുവതിക്ക് നേരെ ഒരാൾ മോശമായി പെരുമാറിയതായി പരാതി. യുവാവ് തുടർച്ചയായി തുറിച്ചുനോക്കുകയും മോശം പരാമർശങ്ങൾ നടത്തുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തതായാണ് യുവതി ഗുങ്ഗുൻ ദത്ത ആരോപിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി തന്നെ ഫോണിൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി.
ബന്ധുവിനെ യാത്രയാക്കാനാണ് യുവതി കാമാഖ്യ റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രെയിൻ എത്താൻ ഏകദേശം അരമണിക്കൂറോളം സമയമുണ്ടായിരുന്നെന്നും ഇതിനിടെ സമീപത്തുണ്ടായിരുന്ന യുവാവ് തങ്ങളെത്തന്നെ തുടർച്ചയായി നോക്കുകയും മോശം പരാമർശങ്ങൾ നടത്തുകയും ചെയ്തതായി യുവതി പറഞ്ഞു. പെരുമാറ്റത്തിൽ അസ്വസ്ഥയായതോടെയാണ് യുവതി ഇയാളുടെ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയത്. ക്യാമറയിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ അവിടെനിന്ന് മാറിപ്പോയെന്നും യുവതി പറയുന്നു.
എന്നാൽ ട്രെയിൻ പ്ലാറ്റ്ഫോമിലെത്തിയപ്പോൾ ഇയാൾ വീണ്ടും മടങ്ങിയെത്തിയെന്നാണ് യുവതിയുടെ ആരോപണം. ട്രെയിനിൽ കയറുന്നതിന് മുമ്പും ഇയാൾ വീണ്ടും യുവതിയുടെ ഭാഗത്തേക്ക് നോക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണാമെന്നാണ് റിപ്പോർട്ട്. ട്രെയിനിനുള്ളിൽനിന്നും യുവതി ഇയാളെ പകർത്തുന്നത് തുടർന്നു. സംഭവത്തെക്കുറിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തിയത്.
യുവതിയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് റെയിൽവേ അധികൃതരെയും അസം പൊലീസിനെയും ടാഗ് ചെയ്ത് നിരവധി പേർ രംഗത്തെത്തി. പ്രതിയെ തിരിച്ചറിയണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കണമെന്നും സമൂഹമാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചയ്ക്കും സംഭവം വഴിവെച്ചിട്ടുണ്ട്.







Comments